വയനാട്ടിൽ കോവിഡ് വ്യാപന ഭീതി വർധിച്ചു, ആശങ്കയും..

വയനാട്ടിൽ കോവിഡ് വ്യാപന ഭീതി വർധിച്ചു. വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർക്കാണ് ഇവിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലാണ് ആശങ്ക കൂടുതാലായിരിക്കുന്നത്. ആൻറിജൻ പരിശോധനയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 100 പേരെ കൂടി പരിശോധിക്കും. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്‍റിജൻ പരിശോധനയിലാണ് ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ സംസ്കാര ചടങ്ങിനെത്തിയവരിലാണ് രോഗ ലക്ഷണം കണ്ടെത്തിയത്. ഇവരിൽ പലരും സമീപത്തെ വിവാഹ ചടങ്ങിലും പങ്കെടുത്തിരുന്നു. 40 ഓളം പേർക്ക് പനി ലക്ഷണമുണ്ടായിരുന്നു. ഇതോടെയാണ് കൂടുതൽ പേരുടെ ആൻ്റിജൻ പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചത്.
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യത ഏറുകയാണ്. ഇക്കാര്യം മുഖ്യമന്ത്രി തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം അടിയന്തരമായി കണ്ടെത്തുന്ന നെട്ടോട്ടത്തിലാണ് ആരോഗ്യ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കടയുടെ ലൈസൻസ് സസ്‌പെഡ് ചെയ്യുന്നതായി ബത്തേരി മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.
ബത്തേരിയിലെ മലബാര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരായ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജൂലൈ 5 മുതല്‍ ഈ വ്യാപാര സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചിരുന്നു. സമ്പര്‍ക്കമുള്ളവരുടെ കോവിഡ് പരിശോധന നടത്തേണ്ടത് അനിവാര്യമായതിനാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കലക്ടര്‍ അറിയിച്ചിരിക്കുകയാണ്.