അഞ്ജു പി.ഷാജിയുടെ മരണം,കോളേജിന് വീഴ്ച പറ്റി.
NewsKeralaCrime

അഞ്ജു പി.ഷാജിയുടെ മരണം,കോളേജിന് വീഴ്ച പറ്റി.

കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കലില്‍ പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിനി ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല അന്വേഷണ സമിതി. ഒരു മണിക്കൂര്‍ കുട്ടിയെ പരീക്ഷ ഹാളില്‍ ഇരുത്തിയത് മാനസിക സംഘര്‍ഷത്തിന് കാരണമായതായും, ഇത് സ്റ്റാറ്റ്യൂട്ടിന് എതിരാണെന്നും,പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിലെ പരീക്ഷക്കിടെയാണ് അഞ്ജു പി.ഷാജിയെ പരീക്ഷ ഹാളിൽ നിന്ന് ഇറക്കി വിടുന്നത്. കോപ്പിയടിച്ചെന്ന് പറഞ്ഞ് പരീക്ഷ എഴുതുന്നത് അധ്യാപകര്‍ തടഞ്ഞിരുന്നു. എന്നാല്‍ തുടര്‍നടപടി സ്വീകരിക്കാതെ ക്ലാസില്‍ തന്നെ ഒരു മണിക്കൂറോളം കുട്ടിയെ ഇരുത്തിയത് ശരിയായ നടപടിയല്ലെന്നാണ് സിന്‍ഡിക്കേറ്റ് അന്വേഷണ സമിതിയുടെ കണ്ടെത്തിയിരിക്കുന്നത്. ഇത് സ്റ്റാറ്റ്യൂട്ടിന് എതിരാണ്. മറ്റ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് നോക്കി വിദ്യാര്‍ത്ഥിനിക്ക് ക്ലാസില്‍ ഇരിക്കേണ്ടി വന്നത് കടുത്ത മാനസികസമ്മര്‍ദ്ദത്തിലേക്ക് കുട്ടിയെ തള്ളി വിട്ടിരിക്കാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. കോളേജിന്‍റെ അശ്രദ്ധയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അതേസമയം വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സമിതിയുടെ അന്വേഷണം ഇത് വരെ നടന്നിട്ടില്ല.ബുധനാഴ്ച കോളേജില്‍ എത്തി സമിതി അംഗങ്ങൾ പരിശോധന നടത്തിയെങ്കിലും കോപ്പി എഴുതികൊണ്ടുവന്ന ഹാള്‍ ടിക്കറ്റ് പരിശോധിക്കാന്‍ ലഭിച്ചിട്ടില്ല. ഇത് പൊലീസിന്‍റെ പക്കലാണ് ഉള്ളത്. പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താനാണ് ഇപ്പോൾ ഉള്ള സമിതിയുടെ തീരുമാനം. അതുകൊണ്ട് തന്നെ സിന്‍ഡിക്കേറ്റ്അംഗം എം.എസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോൾ നൽകുന്നത്.

Related Articles

Post Your Comments

Back to top button