

അട്ടപ്പാടി ഉൾപ്പെടെ 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളിൽ നടന്നുവരുന്ന ആദ്യ 1000 ദിന പരിപാടി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 66 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഗർഭാവസ്ഥയിലെ 9 മാസം മുതൽ കുട്ടിയ്ക്ക് 2 വയസ് തികയുന്നതുവരെയുള്ള ആദ്യ ആയിരം ദിനങ്ങൾ കുട്ടിയുടെ സമഗ്ര വളർച്ചയിൽ അതീവ പ്രാധാന്യമുള്ളതും കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആദ്യ ആയിരം ദിനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുമുണ്ട്. ഇത് മുന്നിൽ കണ്ടാണ് ആദ്യ 1000 ദിന പരിപാടി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അട്ടപ്പാടി മേഖലയിൽ മാത്രം ഉണ്ടായിരുന്ന പദ്ധതി ഈ സർക്കാർ വന്ന ശേഷം 2018-19 സാമ്പത്തിക വർഷം മുതൽ എസ്.സി./എസ്.ടി. ജനസംഖ്യ, മത്സ്യത്തൊഴിലാളി ജനസംഖ്യ, തൂക്കക്കുറവുള്ള കുട്ടികളുടെ എണ്ണം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ കണക്കിലെടുത്ത് 10 ഐ.സി.ഡി.എസ്. പ്രോജക്ടുകളിൽ കൂടി പദ്ധതി നടപ്പിലാക്കി വരുന്നു. ഐ.സി.ഡി.എസ്. വെള്ളനാട് (തിരുവനന്തപുരം), റാന്നി അഡീഷണൽ (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), ദേവികുളം അഡീഷണൽ (ഇടുക്കി), ഈരാറ്റുപേട്ട (കോട്ടയം), തളിക്കുളം (തൃശൂർ) നിലമ്പൂർ അഡീഷണൽ (മലപ്പറം), മാനന്തവാടി (വയനാട്), ഇരിട്ടി (കണ്ണൂർ), കാസർഗോഡ് അഡീഷണൽ (കാസർഗോഡ്) എന്നിവിടങ്ങളിൽ 2019-20 സാമ്പത്തിക വർഷം മുതൽ ഗർഭിണികൾക്ക് മെഡിക്കൽ ക്യാമ്പ്, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും തെറാപ്യൂട്ടിക് ഫുഡ് വിതരണം തുടങ്ങിയ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുകയാണ്.
Post Your Comments