അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം അവർക്ക് വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിക് ട്രെയിനുകൾ അനുവദിക്കണം.
NewsKeralaNational

അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം അവർക്ക് വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിക് ട്രെയിനുകൾ അനുവദിക്കണം.

ലോക്ക്ഡൌണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം അവർക്ക് വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ കണക്കെടുക്കണമെന്നും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു.
ലോക്ഡൌണ്‍ ലംഘനത്തിന് അതിഥിതൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ലോക്ക്ഡൌണില്‍ വിവിധയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നതാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

അതിഥി തൊഴിലാളികള്‍ക്ക് അതത് നാടുകളിലെത്താന്‍ ശ്രമിക് ട്രെയിനുകള്‍ കേന്ദ്രം അനുവദിക്കണമെന്നും, അതത് സംസ്ഥാനങ്ങളിലെത്തുന്ന അതിഥി തൊഴിലാളികളുടെ കണക്കുകള്‍ സംസ്ഥാനങ്ങള്‍ സൂക്ഷിക്കണമെന്നും ഏതൊക്കെ കേന്ദ്ര-സംസ്ഥാന പദ്ധതികളാണ് അവര്‍ക്ക് സഹായകമാകുകയെന്ന ബോധവത്കരണങ്ങള്‍ നടത്തണമെന്നും അതിനാവശ്യമായ സെന്ററുകള്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ തുടങ്ങണമെന്നും മടങ്ങിവരുന്ന അതിഥി തൊഴിലാളികളുടെ പുനരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലോക്ക്ഡൌണില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി ജോലിയും വരുമാനവും നിലച്ച് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ ഉത്തരവ് വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button