അതിര്‍ത്തിയിലെ ഏതു സാഹചര്യവും നേരിടാന്‍, ഇന്ത്യ ശക്തമായ സേനാവിന്യാസം നടത്തി.
NewsNationalWorld

അതിര്‍ത്തിയിലെ ഏതു സാഹചര്യവും നേരിടാന്‍, ഇന്ത്യ ശക്തമായ സേനാവിന്യാസം നടത്തി.

ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഏതു സാഹചര്യവും നേരിടാന്‍ കഴിയും വിധം ശക്തമായ സേനാവിന്യാസം നടത്തിയതായി വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ഹൈദരാബാദില്‍ പറഞ്ഞു. 20 സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നു പറഞ്ഞ രാകേഷ് കുമാര്‍ സിംഗ് ഹൈദരാബാദില്‍ ദുണ്ടിഗല്‍ വ്യോമസേനാ അക്കാഡമിയിലെ പുതിയ ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യോമസേനാ മേധാവി ലഡാക്ക്, ശ്രീനഗര്‍ അതിര്‍ത്തികളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിര്‍ത്തിയില്‍ ചൈന നിരവധി യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. അസാധാരണ നീക്കം ശ്രദ്ധയില്‍പ്പെട്ടയുടന്‍ നമ്മുടെ സന്നാഹങ്ങളും വിന്യസിച്ചു. നിയന്ത്രണ രേഖയിലും അതിനപ്പുറവും ചൈനയുടെ വ്യോമസേനാ വിന്യാസത്തെക്കുറിച്ച് ഇന്ത്യക്ക്‌ തികഞ്ഞ ബോധ്യമുണ്ട്.
ധാരണകള്‍ ലംഘിച്ചുള്ള ചൈനയുടെ കടന്നുകയറ്റവും നമ്മുടെ സൈനികരുടെ ജീവത്യാഗവും നിലനില്‍ക്കെ തന്നെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപൂര്‍വ്വം പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ സൈനികര്‍ പ്രദര്‍ശിപ്പിച്ച ധീരത എന്തുവിലകൊടുത്തും രാജ്യത്തിന്റെ അഖണ്ഡത കാക്കുമെന്നതിന് തെളിവാണ്. മേഖലയിലെ സുരക്ഷയ്‌ക്ക് സായുധസേനയെ എല്ലായ്‌പ്പോഴും തയ്യാറാക്കി നിറുത്തേണ്ടതുണ്ട്. പെട്ടെന്ന് സൈനിക നീക്കം ആവശ്യപ്പെടുന്ന ഒന്നാണ് ലഡാക് അതിര്‍ത്തിയിലെ സംഭവങ്ങള്‍. ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് പുത്തന്‍ സാങ്കതിക വിദ്യയും അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും ഇന്ത്യ അഭ്യന്തരമായി വികസിപ്പിച്ച്‌ സേനയ്‌ക്ക് ലഭ്യമാക്കും. അതിര്‍ത്തിയിലെ സാഹചര്യം കണക്കിലെടുത്ത് പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ വീടുകളില്‍ പോകാതെ നേരിട്ട് യൂണിറ്റുകളില്‍ ചുമതലയേല്‍ക്കുമെന്നും വ്യോമസേനാ മേധാവി അറിയിച്ചു.

അതേസമയം, ഗാല്‍വന്‍ താഴ്‌വര തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദം അംഗീകരിക്കില്ലെന്നും അവിടെ സംഘര്‍ഷമുണ്ടാക്കിയത് ചൈനീസ് പ്രകോപനമാണെന്നും വിദേശമന്ത്രാലയം ആവര്‍ത്തിക്കുകയുണ്ടായി. സര്‍വകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയായി ചൈന ഗാല്‍വന്‍ താഴ്‌വര തങ്ങളുടെ ഭാഗമാണെന്ന അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അതിനെതിരെ ഇന്ത്യ പ്രതികരിച്ചത്. സംഘര്‍ഷമുണ്ടാക്കിയത് ചൈനീസ് പ്രകോപനമാണെന്നും വിദേശമന്ത്രാലയം ആവര്‍ത്തിച്ചു.
ഗാല്‍വന്‍ താഴ്‌വര അടക്കം അതിര്‍ത്തി സംബന്ധിച്ച്‌ ഇന്ത്യന്‍ സൈനികര്‍ക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. ഇന്ത്യന്‍ സൈന്യം ഒരിക്കലും നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ല. ഗാല്‍വന്‍ താഴ്‌വരയില്‍ ഏറെക്കാലമായി ഒരു പ്രശ്‌നവുമില്ലാതെ ഇന്ത്യന്‍ സേന പട്രോളിംഗ് നടത്തുന്നു. ഇന്ത്യയുടെ എല്ലാ നിര്‍മ്മിതികളും നിയന്ത്രണ രേഖക്കിപ്പുറം സ്വന്തം പ്രദേശത്താണ്. എന്നാല്‍ മേയ് ആദ്യം മുതല്‍ ചൈന ഇന്ത്യന്‍ സേനയുടെ പട്രോളിംഗ് തടസപ്പെടുത്തിയിരുന്നു. തുടര്‍ന്നുണ്ടായ കൈയാങ്കളിക്കു ശേഷം പ്രാദേശിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തി ധാരണകൾ ഉണ്ടാക്കി എന്നാൽ അത്, പാലിക്കുമെന്ന ധാരണയിലായിരുന്നു.

ഇന്ത്യ ഏകപക്ഷീയമായി തല്‍സ്ഥിതി മാറ്റാന്‍ ശ്രമിച്ചെന്ന ചൈനീസ് വാദം അംഗീകരിക്കാനാവില്ല. തല്‍സ്ഥിതി സംരക്ഷിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മേയ് മദ്ധ്യത്തില്‍ പടിഞ്ഞാറന്‍ മേഖലയിലും ചൈനീസ് സേന നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചപ്പോഴും ഇന്ത്യന്‍ സേന വിഫലമാക്കി. തുടര്‍ന്ന് സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നു. ജൂണ്‍ ആറിലെ ചര്‍ച്ചയില്‍ പരസ്‌പരം സൈന്യത്തെ പിന്‍വലിക്കാനും തല്‍സ്ഥിതി നിലനിറുത്താനും ധാരണയായിരുന്നു. എന്നാല്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന നിയന്ത്രണ രേഖ കടന്ന് നിര്‍മ്മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് ജൂണ്‍ 15ന് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. രമ്യമായ പരിഹാരത്തിന് വിദേശകാര്യ മന്ത്രിമാര്‍ ഉണ്ടാക്കിയ ധാരണകള്‍ പാലിക്കാന്‍ ചൈനയ്ക്ക് ബാദ്ധ്യതയുണ്ട്. അതിര്‍ത്തിയിലെ സമാധാനത്തിനും നല്ല ബന്ധത്തിനും അത് അനിവാര്യമാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പ്രസ്‌താവനയില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button