അതിര്‍ത്തിയിലേക്ക് ഇന്ത്യ ബ്രഹ്മാസ്ത്രപടയെ ഇറക്കുന്നു,
NewsNationalWorld

അതിര്‍ത്തിയിലേക്ക് ഇന്ത്യ ബ്രഹ്മാസ്ത്രപടയെ ഇറക്കുന്നു,

ദുർഘട മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാൻ വിദഗ്ധ പരിശീലനം നേടിയ സ്ട്രൈക്ക് കോറിലെ (ബ്രഹ്മാസ്ത്ര കോർ) സേനാംഗങ്ങളെ ചൈനീസ് അതിർത്തിയിൽ ഇന്ത്യ വിന്യസിക്കുന്നു. ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ മേഖലകളിലേക്കാണ്‌ ബ്രഹ്മാസ്ത്ര കോറിനെ ഇന്ത്യ ഇറക്കുന്നത്. മലനിരകളിലെ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ, ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടൻ സ്ട്രൈക്ക് കോർ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ – ചൈന അതിർത്തിയുടെ സുരക്ഷാ ഇനി നിർവഹിക്കും. അതിർത്തിയിൽ എവിടെയും എപ്പോൾ വേണമെങ്കിലും നിലയുറപ്പിക്കാൻ സജ്ജമായ 17 മൗണ്ടൻ സ്ട്രൈക്ക് കോർ, 14,000 അടി ഉയരത്തിലുള്ള കിഴക്കൻ ലഡാക്കിൽ ഇന്ത്യക്ക് ഇനി കരുത്തു പകരും.
ചൈനീസ് അതിർത്തിക്ക് ഇപ്പോൾ കാവലൊരുക്കുന്ന കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുർ, നാഗാലൻഡിലെ ദിമാപുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സേനാ കോറുകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കിൽ, മൗണ്ടൻ സ്ട്രൈക്കിന്റേത് ആക്രമണം മാത്രമാണ്. അത് കൊണ്ടുതന്നെയാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിനെ ബ്രഹ്മാസ്ത്ര കോർ എന്ന പ്രത്യേകമായി നാമകരണം ചെയ്തിരിക്കുന്നത്.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് സ്ട്രൈക്ക് കോറിന് ഇന്ത്യ രൂപം നൽകുന്നത്.
ആക്രമണ ലക്‌ഷ്യം മാത്രമുള്ള കോർ രൂപീകരണത്തെ ചൈന അന്ന് പരസ്യമായി എതിർത്തെങ്കിലും അതു വകവയ്ക്കാതെയാണ് ഇന്ത്യ കോർ സ്ഥാപിക്കുന്നത്. ബംഗാൾ, പഞ്ചാബിലെ പഠാൻകോട്ട് എന്നിവിടങ്ങളിലുള്ള 2 ഡിവിഷനുകളിലായി 45,000 വീതം സേനാംഗങ്ങളാണ് കോറിലുള്ളത്.

Related Articles

Post Your Comments

Back to top button