

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പടയൊരുക്കം നടക്കുകയാണ്. യുദ്ധസമാന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‍നങ്ങള്‍ പരിഹരിക്കുമെന്നും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും, ഇന്ത്യയും ചൈനയും പറയുമ്പോഴും, ഇരു രാജ്യങ്ങളും, അതിര്‍ത്തിയിലേക്ക് സൈനികനീക്കം ശക്തമാക്കുകയാണ്. സൈന്യം സുസജ്ജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയ പോലെ തന്നെ കരസേനയും, വ്യോമസേനയും ചൈനയുടെ എന്ത് നീക്കത്തെയും നേരിടാൻ തയ്യാറായിക്കഴിഞ്ഞു.

ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് കാവല്‍ നില്‍ക്കുന്ന കരസേനയ്ക്ക് പിന്തുണയുമായി വ്യോമസേനയും നാവികസേനയും സജ്ജമാണ്. ശ്രീനഗര്‍, ലേ, അസമിലെ തേസ്‍പൂര്‍, ഛബുവ, മോഹന്‍ബാരി, ഉത്തര്‍പ്രദേശിലെ ഗൊരഖ്‍പൂര്‍, ബറേലി എന്നീ താവളങ്ങളില്‍ വ്യോമസേന പടയൊരുക്കം നടത്തുന്നു. ആണവ മിസൈല്‍ വഹിക്കാനുള്ള സുഖോയ്, മിറാഷ്, ജാഗ്വര്‍ യുദ്ധവിമാനങ്ങളും ആക്രമണത്തിന് ഉപയോഗിക്കുന്ന അപ്പാച്ചി, സൈനികരെ എത്തിക്കുന്നതിനുള്ള ചിനൂക് ഹെലികോപ്റ്ററുകളാണ് സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്.
എന്ത് ഭീഷണിയും നേരിടാന്‍ സുസജ്ജമാണെന്നും സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ പറഞ്ഞു. ഗാല്‍വന്‍ താഴ്‍വരയിലെ സൈനികരുടെ ജീവത്യാഗം പാഴാകാന്‍ അനുദിക്കില്ലെന്ന് ഏത് സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും ബദൗരിയ വ്യക്തമാക്കി. രാജ്യത്തെ സായുധസേനകള്‍ എപ്പോഴും ജാഗ്രതയോടെയും എന്തും നേരിടാന്‍ തയ്യാറായുമാണ് നിലകൊള്ളുന്നത്. സൈന്യം യഥാര്‍ഥത്തില്‍ നേരിടുന്നതിന്‍റെ ചെറിയൊരു അംശം മാത്രമാണ് ലഡാഖിലെ യഥാര്‍ഥ നിയന്ത്രണരേഖയിലെ നീക്കങ്ങള്‍. ബദൗരിയ പറയുന്നു.
അതിർത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഗാല്‍വന്‍ താഴ്‍വര, പാങോങ് ട്‍സോ തുടങ്ങിയ മേഖലകളിലാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുന്നതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗാല്‍വനിലെ സംഭവത്തിന് ശേഷം ഇന്ത്യ ചൈന സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പ്രശ്‍നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മേജര്‍ ജനറല്‍ തലത്തില്‍ വെള്ളിയാഴ്‍ച നടത്തിയ ചര്‍ച്ചയും പരാജയമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‍ച ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായില്ല. പക്ഷെ സംഘര്‍ഷസ്ഥിതി തന്നെയാണ് അതിർത്തിയിൽ തുടരുന്നത്. ചര്‍ച്ചയിലൂടെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താനുള്ള ശ്രമമാണ് നയതന്ത്ര തലത്തിലും സൈനികതലത്തിലും ഇപ്പോഴും നടന്നുവരുന്നത്.
കഴിഞ്ഞ ഒരുമാസക്കാലമായി അതിർത്തിയിൽ ഉണ്ടായിരുന്ന അസ്സ്വാസ്ഥ്യങ്ങൾ പരിഹാരത്തിനായി സൈനികതലത്തില്‍ ചര്‍ച്ചകള്‍ നടന്നു വരുകയായിരുന്നു. ഇന്ത്യന്‍ സേനയ്ക്ക് പട്രോളിങ് നടത്താൻ തടസ്സമുണ്ടാക്കില്ലെന്നു ജൂണ്‍ ആറിന് നടന്ന കമാന്‍ഡര്‍ തല ചർച്ചയിൽ ചൈന ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധാരണകള്‍ തീർത്തും ചൈന ലംഘിച്ചുകൊണ്ടാണ് ജൂണ്‍ 15-ന് അതിക്രമമുണ്ടാക്കുന്നത്. ഇന്ത്യന്‍ സൈനികർ ആണ് കടന്നുകയറിയതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുമ്പോൾ, യഥാര്‍ഥ നിയന്ത്രണരേഖ കടന്നുവന്നാണ് ചൈനീസ് സൈനികര്‍ ആക്രമിച്ചതെന്നാണ് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ പറയുന്നത്.
Post Your Comments