അതിർത്തിയിൽ ഇന്ത്യയും യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പിൽ.
NewsNational

അതിർത്തിയിൽ ഇന്ത്യയും യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പിൽ.

ഇനി രാജ്യത്തിന്റെ ഒരു തരി മണ്ണ് ചൈന ആശിക്കേണ്ട. അത് നടക്കാത്ത സ്വപ്നമാണ്. കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന സൈനിക വിന്യാസത്തെ കിടപിടിക്കാൻ ലഡാക്കിൽ ഇന്ത്യയും സൈന്യ ബലം വർധിപ്പിക്കുകയാണ്. പ്രശ്നപരിഹാരശ്രമങ്ങൾ നടക്കുന്നതിനിടെ അതിർത്തിയിലേക്ക് ഇന്ത്യയുടെയും,ചൈനയുടെയും കൂടുതൽ സൈനിക വാഹനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ നടക്കുന്നത് എന്നുവേണം പറയാൻ.

പീരങ്കികളും ഇൻഫൻട്രി കോംപാക്ട് വാഹനങ്ങളും മറ്റു വലിയ സൈനിക ഉപകരണങ്ങളും യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വളരെ വേഗത്തിൽ ചൈന എത്തിക്കുന്നതായ റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് 25 വർഷത്തിനു മുകളിലായി. സൈനിക, നയതന്ത്ര തലത്തിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സൈനിക നടപടിയിലേക്ക് ഇരുസേനകളും നീങ്ങുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ഇന്ത്യൻ സൈന്യവും അധിക സേനയെ ലഡാക്കിലേക്ക് അയക്കുന്നു. ചൈനയുടെ സേനാവിന്യാസത്തിനു കിടപിടിക്കുന്നതിനു തുല്യമായ സന്നാഹങ്ങൾ ഇന്ത്യയും നടത്തുന്നു. പാംഗോങ്ങില്‍ പൂർവസ്ഥിതി വരുത്തുന്നതുവരെ ഇന്ത്യ യാതൊരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണു വിലയിരുത്തപ്പെടുന്നത്. പ്രശ്നമേഖലയിൽ ശക്തമായ വ്യോമനിരീക്ഷണമാണ് ഇന്ത്യന്‍ സേന നടത്തിവരുന്നത്. ചൈനീസ് സേന എത്രയും പെട്ടെന്ന് മേഖലയിൽനിന്ന് പിന്മാറണമെന്നും, സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുമുണ്ട്.

അതേസമയം, അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടുന്നതിന്റേത് എന്ന പേരിൽ ചില വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സേന ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. അതിർത്തിയിൽ അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും സംഘർഷ സാഹചര്യം വഷളാക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിക്കരുതെന്നും സേന അറിയിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button