അന്യഗ്രഹജീവികളെ കണ്ടെത്താൻ ചൈനയുടെ ഫാസ്റ്റ് വരുന്നു.
NewsNationalWorld

അന്യഗ്രഹജീവികളെ കണ്ടെത്താൻ ചൈനയുടെ ഫാസ്റ്റ് വരുന്നു.

ഭൂമിയില്‍ മനുഷ്യര്‍ കൊവിഡ് ഭീതിയിൽ നെട്ടോട്ടം ഓടുമ്പോൾ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള ബൃഹത്പദ്ധതിയുമായി ചൈന. നാസയെ പോലും വെല്ലുവിളിക്കുന്ന നിര്‍ണായക പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്താന്‍ ശേഷിയുള്ള കൂറ്റന്‍ ഒരു റേഡിയോ ടെലിസ്കോപ്പ് ചൈനയിൽ ഒരുങ്ങുകയാണ്. ‘ഫാസ്റ്റ് ‘ എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ മനുഷ്യരെ പോലെ തന്നെ ജീവജാലങ്ങളുള്ള ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ലോകം മുഴുവൻ ഇന്ന് വിശ്വസിക്കുന്നത്. അന്യഗ്രഹജീവികളെ പറ്റി അറിയാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടില്ലെങ്കിലും,ഭൂമിയ്ക്കു പുറത്തെ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങള്‍ തുടരുന്നതിനിടെ ചൈനയിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുകയാണ്.

ലോകത്തെ ഏറ്റവും നീളം കൂടിയ സിംഗിള്‍ അപ്പേര്‍ച്ചര്‍ ടെലിസ്കോപ്പ് എന്ന റെക്കാഡ് എറിസിബോ ഒബ്സര്‍വേറ്ററി റേഡിയോ ടെലിസ്കോപ്പിനായിരുന്നു. എന്നാല്‍, ഇനി അത് ചൈനയുടെ ഫാസ്റ്റിന് വുകയാണ്. പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലെ റേഡിയോ സിഗ്നലുകളെ കണ്ടെത്താന്‍ ഈ ടെലിസ്കോപ്പിന് ശേഷിയുള്ളതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2011ലാണ് ഫൈവ് ഹണ്‍ഡ്രഡ് മീറ്റര്‍ അപ്പേര്‍ച്ചര്‍ സ്ഫെറിക്കല്‍ ടെലിസ്കോപ്പ് അഥാവാ ‘ ഫാസ്റ്റ് ( FAST)’ എന്ന കൂറ്റന്‍ ടെലിസ്കോപ്പ് ചൈന നിര്‍മിക്കാന്‍ തുടങ്ങിയത്. ചൈനയുടെ സേര്‍ച്ച്‌ ഫോര്‍ എക്സ്ട്രാറ്റെറസ്ട്രിയല്‍ ഇന്റലിജന്‍സിന്റെ (എസ്.ഇ.ടി.ഐ) നേതൃത്വത്തില്‍ ഭീമന്‍ ടെലിസ്കോപ്പിന്റെ നിര്‍മാണം 2016ല്‍ പൂര്‍ത്തിയായി. 2020 ജനുവരിയില്‍ ഈ ടെലിസ്കോപ്പ് ശാസ്ത്രജ്ഞര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇപ്പോൾ ടെലിസ്കോപ്പിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. സെപ്റ്റംബര്‍ മുതല്‍ ഈ ടെലിസ്കോപ്പ് ഉപയോഗിച്ച്‌ ചൈന അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുമെന്ന് എസ്.ഇ.ടി.ഐ ചൈനീസ് മാദ്ധ്യമങ്ങളോട് പറയുന്നു. അന്യഗ്രഹജീവികൾ മാത്രമല്ല, ബ്ലാക്ക്ഹോളുകള്‍, വാതക മേഘങ്ങള്‍, വിവിധ ഗാലക്സികള്‍ തുടങ്ങി കണ്‍മുന്നില്‍ ദൃശ്യമാകുന്ന എന്തിനെയും ഈ ടെലിസ്കോപിന് പഠന വിധേയമാക്കാനാവും. 500 മീറ്ററാണ് ടെലിസ്കോപ്പിന്റെ വ്യാസം. 36 അടിയുള്ള 4,500 ട്രയാംഗുലാര്‍ പാനലുകളും 33 ടണ്‍ ഭാരമുള്ള റെറ്റിന ഉപകരണവും ടെലിസ്കോപ്പില്‍ ഘടിപ്പിച്ചിരിക്കുന്നു. പ്യൂര്‍ട്ടോറിക്കോയില്‍ സ്ഥാപിച്ചിട്ടുള്ള എറിസിബോ ഒബ്സര്‍വേറ്ററി റേഡിയോ ടെലിസ്കോപ്പിനെക്കാള്‍ ഇരട്ടിയിലധികം നിരീക്ഷണ ശേഷിയുള്ളതാണ് ഫാസ്റ്റ് ടെലിസ്കോപ്പ്

270 മില്യണ്‍ ഡോളറാണ് ഫാസ്റ്റ് ടെലിസ്കോപ്പിന്റെ നിര്‍മാണ ചെലവ്. ഇതിനോടകം തന്നെ 99 പള്‍സാറുകളെ ഫാസ്റ്റ് കണ്ടെത്തിയതായാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തില്‍ വൈദ്യുതകാന്തിക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തികരിക്കപ്പെട്ട ന്യൂട്രോണ്‍ നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായുള്ള ഗവേഷണ പദ്ധതികള്‍ സംഘടിപ്പിക്കുന്ന കാര്യം നാസ വെളിപ്പെടുത്തിയിരുന്നതാണ്. ജെയിംസ് വെബ് സ്പെയ്സ് ടെലിസ്കോപ്പിന്റെ സഹായത്തോടെയാണ് നാസ അന്യഗ്രഹ ജീവികളെ തേടുന്നതെന്നായിരുന്നു വാർത്ത.

Related Articles

Post Your Comments

Back to top button