

ആലുവ യുസി കോളജിന് സമീപം ഫാം റോഡില്‍ കഴിഞ്ഞദിവസം തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയ സംഭവം ഉണ്ടാക്കിയ വിവാദത്തിനു പരിസമാപ്തി. നാട്ടുകാരെ ആകെ ഭീതിയിലാഴ്ത്തിയ സംഭവത്തിന്റെ നിജ സ്ഥിതി പോലീസ് കണ്ടെത്തി. കാര്‍ഡ് ബോഡ് പെട്ടിയില്‍ ഉപേക്ഷിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് സമീപത്തുള്ള 65 കാരനെ ചോദ്യം ചെയ്തതോടെയാണ് വസ്തുതകള്‍ പുറത്ത് വന്നത്. എറണാകുളത്തെ ഡോക്ടറുടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് തനിക്ക് അസ്ഥികൂടം ലഭിച്ചതെന്ന് ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ വൃത്തിയാക്കാന്‍ ഡോക്ടറുടെ വിദേശത്തുള്ള മക്കള്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ആക്രിസാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് അതിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഇത് കണ്ട് ഭയന്ന ഇയാള്‍ സമീപത്തെ പാടശേഖരത്ത് അസ്ഥികൂടം ഉപേക്ഷിക്കുകയായിരുന്നു. വൈദ്യപഠനത്തിന് ഉപയോഗിക്കുന്ന പോളിഷ് ചെയ്ത അസ്ഥികൂടമാണ് കണ്ടെത്തിയതെന്നും ഇതില്‍ ദുരൂഹതയൊന്നുമില്ലെന്നും പൊലീസ് പിന്നീട് അറിയിച്ചു.
Post Your Comments