

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നും ഇരു രാഷ്ട്രങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അതിനിടെ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി വിവിധ നയതന്ത്ര വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
ഗൽവാൻ താഴ്വരയിലെ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയും ചൈനയും ആണവശക്തികളാണ്. അപകടകരമായ സാഹചര്യമുണ്ടാവാ തിരിക്കാന്‍ ഇരു രാജ്യങ്ങളും സംഘര്ഷമൊഴിവാക്കണമെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ജൂൺ രണ്ടിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തിൽ ഇന്ത്യ- ചൈന അതിർത്തി വിഷയം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംഘർഷങ്ങൾ ഒഴിവാക്കി സമ്പദ്വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എല്ലാവരും കരുതുന്ന സമയത്താണ് ചൈന അയൽക്കാരെ ഇടിച്ച് പ്രകോപനമുണ്ടാക്കുന്നതെന്ന് ഏഷ്യൻ കാര്യങ്ങളിൽ വിദഗ്ധനായ യു.എസ് മുൻ ഉന്നത നയതന്ത്രജ്ഞനും വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും കോവിഡ് ഭീഷണിമൂലം ബുദ്ധിമുട്ടുകയാണെന്നും 50 വർഷത്തിനിടെ പ്രദേശത്ത് നടക്കുന്ന ഏറ്റവും അപകടകരമായ സംഘർഷമാണിതെന്നും ചൂണ്ടിക്കാട്ടിയ യു.എസിലെ വിൽസൺ സെന്റര്‍ ഏഷ്യ പ്രോഗ്രാം ഡയറക്ടർ എബ്രഹാം ഡെൻമാർക്, ഇരുരാജ്യങ്ങളിലും ദേശീയവാദികളാണ് ഭരണത്തിലെന്നും പ്രതിസന്ധി ഉടന്‍ തീരാന്‍ സാധ്യതയില്ലെന്നും അഭിപ്രായപ്പെട്ടു.
അതിനിടെ സംഘർഷബാധിത മേഖലയായ ഗൽവാൻ താഴ്വരയിൽ ഇരുരാജ്യങ്ങളും തമ്മിലെ ധാരണ ലംഘിച്ച് ചൈനീസ് സൈന്യത്തിന്റെ ശക്തമായ സാന്നിധ്യം തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സൈന്യത്തിന്റെയും സേന വാഹനങ്ങളുടെയും സാന്നിധ്യം വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നത്.
Post Your Comments