ആതിരപ്പിള്ളി വീണ്ടും വിവാദങ്ങളിലേക്ക്.
NewsKeralaNationalWorld

ആതിരപ്പിള്ളി വീണ്ടും വിവാദങ്ങളിലേക്ക്.

ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും വിവാദങ്ങളിലേക്ക്. അതിരപ്പള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമായിരിക്കുന്നത്. ഭരണകക്ഷിയായ സിപിഐയും യുവജന സംഘടനയായ എഐവൈഎഫും ഇക്കാര്യത്തിൽ തങ്ങൾക്കുള്ള വിയോജിപ്പ് പരസ്യമായി തന്നെ അറിയിച്ചു കഴിഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭം അടക്കമുള്ള സമര പരിപാടികൾ നടത്തുമെന്ന നിലപാടിലാണ് എഐവൈഎഫ്.
ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കം തുടങ്ങിയിട്ട് ഏകദേശം 41 വർഷങ്ങൾ കഴിഞ്ഞു. ആതിരപ്പിള്ളിയിലൂടെ കടലിലേക്ക് ഒഴുകി പോകുന്ന ജലത്തിൽ നിന്ന് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന പദ്ധതിയിലൂടെ 163 മെഗാവാട്ടിൻ്റെ വൈദ്യുതി ഉത്‌പാദിപ്പിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് കെഎസ്ഇബി. ഇതിനായി ചാലക്കുടി പുഴയിലെ ഷോളയാർ, പെരിങ്ങൽ കൂത്ത് ഡാമുകളിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ഒപ്പം, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ചു കിലോമീറ്റർ മുകളിൽ ഉണ്ടാക്കുന്ന അണക്കെട്ട് വഴി വൈദ്യുതി ഉത്‌പാദിപ്പിക്കുക എന്നതും, ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ചു കിലോമീറ്റർ മുകളിൽ നിർമ്മിക്കുന്ന അണക്കെട്ടിൽ ജലം സംഭരിച്ച് ഡാമിന് തൊട്ടുതാഴെ സ്ഥാപിക്കുന്ന പവർ പ്ലാറ്റിൽ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം ആതിരള്ളിള്ളിയിലേക്ക് വെള്ളം ഒഴുക്കിവിടുമെന്നാണ് കെ എസ് ഇ ബി പറയുന്നത്. ടണൽ വഴി ജലം എത്തിച്ച് മറ്റൊരു സ്ഥലത്ത് വൈദ്യുതി ഉത്പാദിപ്പിച്ച് തിരികെ ചാലക്കുടി പുഴയിലേക്ക് തന്നെ ഒഴുക്കിവിടാനും പദ്ധതിയുണ്ട്. ആതിരപ്പിള്ളിയുടെ സൗന്ദര്യം നഷ്ടമാകില്ലെന്നു സർക്കാരും കെ എസ് ഇ ബി യും ഇക്കാര്യത്തിൽ പറയുന്നുണ്ട്. പദ്ധതി വരുന്നതോടെ ലോകശ്രദ്ധയാകർഷിച്ച ആതിരപ്പിള്ളിയുടെ പ്രാധാന്യവും നിലവിലുള്ള യശസ്സും നഷ്ട്ടമാകും. ആതിരപ്പിള്ളി വെള്ളച്ചാട്ടത്തെ പദ്ധതി ഇല്ലാതാക്കും. പദ്ധതിയുടെ ഭാഗമായ വൃഷ്ടി പ്രദേശത്തെ വനഭൂമി വെള്ളത്തിനടിയിലാകുന്ന സാഹചര്യം ഉണ്ടാകും. വെള്ളച്ചാട്ടത്തിന് സമീപ പ്രദേശങ്ങളിൽ ഉള്ള സസ്സ്യ ജനുസുകളുടെയും, അപൂർവങ്ങളായ ജീവികളുടെയും,വാസ സ്ഥലങ്ങൾ തകർക്കപ്പെടും. ചാലക്കുടി പുഴക്ക് ഇപ്പോൾ ഉള്ള സ്വാഭാവികത നശിക്കും. പിന്നീട് പെരിങ്ങൽ കുത്തിൽ നിന്നുള്ള ജലം മാത്രമാകും ആതിരപ്പിള്ളിയിലെത്തുക. മഴ ശക്തമാകുന്ന മാസങ്ങളിൽ പെരിങ്ങൽ കുത്ത് ഡാം നിറയുകയും വെള്ളം ഇടമലയാറിലേക്ക് ഒഴുകുകയും ചെയ്യുമ്പോൾ, പെരിയാറിനെ അത് ബാധിക്കും. ഒപ്പം കുടിയൊഴിപ്പിക്കലുകളും വേണ്ടിവരും. പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നവർ ഉയർത്തുന്ന ആരോപണങ്ങൾ ഇതൊക്കെയാണ്.

ഭരണകക്ഷിയായ സിപിഐയുടെ എതിർപ്പുണ്ടാകുമെന്നു അറിഞ്ഞു കൊണ്ട് തന്നെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ കെഎസ്ഇബിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. പദ്ധതിക്ക്സാങ്കേതിക, സാമ്പത്തിക‌, പാരിസ്ഥിതിക അനുമതികൾക്കായി സർക്കാർ എൻഒ‌സി നൽകിയിരിക്കുകയാണ്. ഏഴു വര്ഷം കാലാവധി വരുന്ന എൻഒസിയാണ് നൽകിയിട്ടുള്ളത്. അനുമതി ലഭിച്ചു കഴിഞ്ഞാൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ ഏഴു വർഷകാലം വേണ്ടിവരും. കേന്ദ്ര വൈദ്യുതി അതോറിറ്റിയാണ് ഇക്കാര്യത്തിൽ എൻഒസി ആവശ്യപ്പെട്ടത്. എൻഒസി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് കെ എസ് ഇ ബി.

അതിരപ്പള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിറകെ, എല്‍.ഡി.എഫ് നയത്തിനെതിരായ നീക്കത്തില്‍ നിന്ന് സര്‍ക്കാർ പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് സി.പി.ഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശും കുറ്റപ്പെടുത്തിയിട്ടുണ്ട്. എല്‍.ഡി.എഫിലെ പ്രധാന ഘടകക്ഷി സി.പി.ഐ യുടെ യുവജന വിഭാഗം തന്നെ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെിയിരിക്കുന്നത് സർക്കാരിനെ ഇക്കാര്യത്തിൽ തീർത്തും വെട്ടിലാക്കിയിരിക്കുകയാണ്. സര്‍ക്കാർ നീക്കത്തെ ചെറുക്കുമെന്ന് എ.ഐ.വൈ.എഫ് ഫെയ്സ്ബുക്കിലൂടെയാണ് വ്യക്തമാക്കിയിട്ടുള്ളത്. പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്നും എ.ഐ.വൈ.എഫ് പറഞ്ഞിരിക്കുന്നു. യു.പി.എ കാലത്തെ വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തി. എതിർപ്പുകളും, വിദഗ്ദോപദേശം മറികടന്നുള്ള സര്‍ക്കാർ തീരുമാനം പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണെന്നാണ് ജയാറം രമേശ് ട്വീറ്റ് ചെയ്തിട്ടുള്ളത്. നീക്കത്തില്‍ പിന്മാറണമെന്നാവശ്യപ്പെട്ട വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതിരപ്പിള്ളി കേന്ദ്രാനുമതിക്കുള്ള നടപടികൾക്കായി സർക്കാർ കെഎസ്ഇബിക്ക് എൻഒസി നൽകിയത് വാഗ്ദാന ലംഘനവും വഞ്ചനയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഒരു പ്രസ്താവനയിൽ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുടെയും വെൽഫെയർ പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെയും ഭരണ മുന്നണിയിൽപെട്ട സി.പി.ഐയുടെയും എതിർപ്പിനെ തുടർന്ന് പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന് 2018 ജൂലൈയിൽ വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കാതിരുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ട് പോകുകയാണ്. 2017 ൽ അവസാനിച്ച കേന്ദ്ര അനുമതി വീണ്ടും ലഭിക്കാൻ കെ.എസ്.ഇ.ബിക്ക് കേരള സർക്കാരിൻറെ എൻ.ഒ.സി ആവശ്യമാണ്. അതാണിപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്. പദ്ധതി നടപ്പാക്കിയാൽ 200 ഹെക്ടർ വനം സമ്പൂർണ്ണമായി നശിക്കുകയും ജൈവിക വ്യവസ്ഥ തകിടം മറിയുകയും ചെയ്യും. പ്രളയമടക്കം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുന്ന കേരളത്തിന് ഇനിയും വലിയ ആഘാതമായിരിക്കും പദ്ധതി നൽകുക. പദ്ധതിയിൽ നിന്ന് ഇടതു സർക്കാർ പിൻമാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൽ സംഘടിപ്പിച്ച് പദ്ധതിയെ പ്രതിരോധിക്കുമെന്ന് ഹമീദ് വാണിയമ്പലം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

Related Articles

Post Your Comments

Back to top button