HealthKerala NewsNationalNews

‘ആശുപത്രികളിൽ രോഗികൾ കരഞ്ഞ്‌ നിലവിളിച്ചിട്ടു പോലും,ഒന്ന് നോക്കാൻ ആരുമില്ല. കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ ദേഹം ഒരിടത്ത് കുപ്പത്തൊട്ടിയിലാണ്‌ കണ്ടെത്തിയത്‌’.

ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം ഭയാനകവും ഭീതിജനകവും ശോചനീയവുമായിരിക്കുന്നു. മൃഗങ്ങളോടുള്ള സമീപനത്തേക്കാള്‍ മോശമാണ്‌ രാജ്യത്ത് കോവിഡ് രോ​ഗികളോടുള്ള സമീപനം. ‌രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണമായാണിത്.

‘ആശുപത്രികളിൽ രോഗികൾ കരഞ്ഞ്‌ നിലവിളിച്ചിട്ടു പോലും,ഒന്ന് നോക്കാൻ ആരുമില്ല. കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ ദേഹം ഒരിടത്ത് കുപ്പത്തൊട്ടിയിലാണ്‌ കണ്ടെത്തിയത്‌’. ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ സുപ്രീം കോടതി മൂന്നംഗബെഞ്ച്‌ നിരീക്ഷിക്കുകയായിരുന്നു. കോവിഡ് ബാധിച്ചവരോടും മരിച്ചവരോടും അനാദരവ് കാണിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിക്കവേയാണ്‌ കോടതിയുടെ ഈ രൂക്ഷവിമർശം ഉന്നയിച്ചത്. മൃതദേഹം കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശം പാലിക്കപ്പെടുന്നില്ല. ഡൽഹിയിൽ പരമാവധി ആളുകളെ പരിശോധിക്കുന്ന തരത്തില്‍ നടപടിക്രമം ലളിതമാക്കണം. ആരോഗ്യനില സംബന്ധിച്ച സംശയം അകറ്റേണ്ടത്‌ സർക്കാരിന്റെ ചുമതലയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 17ന്‌ കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ കോടതി വിശദമായ ഉത്തരവ്‌ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രസർക്കാരിനും ഡൽഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്‌ സർക്കാരുകൾക്കും ഡൽഹി എൽഎൻജെപി ആശുപത്രിക്കും നോട്ടീസ്‌ അയക്കാൻ കോടതി നിർദേശിക്കുകയുണ്ടായി. മറ്റ്‌ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും അടുത്തഘട്ടത്തിൽ നോട്ടീസ്‌ അയക്കും. ഡൽഹിയിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും മഹാരാഷ്ട്ര, ഗുജറാത്ത്‌, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ സ്ഥിതി മോശമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ്‌കിഷൻകൗൾ, എം ആർ ഷാ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വിലയിരുത്തി. എൻഎൻജെപി ആശുപത്രിയിലെ ശോചനീയാവസ്ഥ കോടതി പ്രത്യേകം പരാമർശിച്ചു. ‘അവിടെ രോഗികളും മൃതദേഹങ്ങളും എല്ലാം ഒരുവാർഡിൽ കൂടിക്കുഴഞ്ഞ അവസ്ഥയിലാണെന്ന് ചാനല്‍ ദൃശ്യങ്ങളിൽനിന്ന്‌ വ്യക്തമായി. ആശുപത്രി ലോബിയിലും ആളുകൾ കാത്തുനിൽക്കുന്ന സ്ഥലത്തും മൃതദേഹങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്നു. കോവിഡ്‌ ആശുപത്രിയാക്കി സർക്കാർ പ്രഖ്യാപിച്ചിടത്തെ സ്ഥിതി ഇതാണെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ എന്താകും?’ എന്നാണു ഇക്കാര്യത്തിൽ കോടതി ചോദിച്ചത്.

കോവിഡ്‌ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ആരോഗ്യപ്രവർത്തകരെ നിരാശരാക്കരുതെന്ന്‌ സുപ്രീംകോടതി പറയുകയുണ്ടായി. ഡോക്ടർമാർക്കും നേഴ്‌സുമാർക്കും മറ്റ്‌ ആരോഗ്യപ്രവർത്തകർക്കും നല്ല താമസസൗകര്യവും ശമ്പളവും നൽകുന്നില്ലെന്ന്‌ ചൂണ്ടിക്കാണിച്ചുള്ള പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവെയാണ്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിരീക്ഷണം ഉണ്ടായത്. ഡോക്ടർമാരായ ജെറില ബനായിറ്റ്‌, ആരുഷി ജെയ്‌ൻ എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജികളാണ്‌ പരിഗണിച്ചത്‌. പരാതികളും നിർദേശങ്ങളും ആരോഗ്യമന്ത്രാലയത്തിന്‌ കൈമാറാൻ കോടതി നിർദേശിച്ചു. 17ന്‌ വീണ്ടും കേസ് പരിഗണിക്കാനിരിക്കുകയാണ്. അതേസമയം, സംസ്ഥാനങ്ങൾ കോവിഡ്‌ പരിശോധന വർധിപ്പിക്കണമെന്ന്‌ സുപ്രീംകോടതി നിര്ദേശിക്കുകയുണ്ടായി. പരിശോധന കുറച്ചതുകൊണ്ട്‌ സാഹചര്യങ്ങൾ കൂടുതൽ വഷളാകുമെന്ന്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ സംസ്ഥാനങ്ങളെ ഓർമിപ്പിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button