

ഇതാണ് രാഷ്ട്രീയക്കളി. ഇങ്ങനെയാണ് ജനത്തെ വിഡ്ഢികളാക്കേണ്ടത്. പമ്പര വിഡ്ഢികളാക്കേണ്ടത്. സത്യത്തിൽ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംഭവത്തിൽ ഉയർന്നുവന്ന പ്രവാസി, പ്രതിപക്ഷ പ്രതിഷേധങ്ങൾ എന്നിവ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. ജനങ്ങളുടെ ശ്രദ്ധ ഗതിമാറ്റാൻ ഒരു മാർഗമെന്തെന്നറിയാതെ ഉപദേശകരും കുഴങ്ങിയിരിക്കുന്ന സമയത്താണ് മുല്ലപ്പള്ളിയുടെ ആക്ഷേപം നിറഞ്ഞ കുറ്റപ്പെടുത്തൽ കെ കെ ശൈലജക്കെതിരെ ഉണ്ടാകുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ യു ഡി എഫും, എൽ ഡി എഫും അന്യോന്യം നടത്തുന്ന ആരോപണങ്ങൾ പോലെയുള്ള പരാമർശം അതിരുകടന്നു പോയത് തന്നെയാണെങ്കിലും, ഈ കച്ചിത്തുരുമ്പിൽ കയറി പിടിച്ച് മുഖ്യധാരാ വിഷയങ്ങളിൽ നിന്ന് കുറച്ചു ദിവസങ്ങളിലേക്കെങ്കിലും, രക്ഷപെടാനായി സർക്കാരിന്.
ഭരണത്തിലിക്കുന്നവരെല്ലാം ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. വോട്ടു തന്നു ജയിപ്പിച്ചു വിട്ടാൽ പിന്നെ ജനങ്ങൾ എല്ലാം വിഡ്ഢികളാണെന്ന ചിന്ത. ജനോപകാര പ്രധാമാല്ലാത്തതും, ജനവിരുദ്ധമായതുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രതിപക്ഷം എന്നൊന്നുണ്ടെങ്കിൽ വിമർശനങ്ങൾ ഉണ്ടാവുക സർവ്വ സാധാരണമാണ്. സർക്കാർ എടുക്കുന്ന നിലപാടുകളിലോ തീരുമാനങ്ങളിലോ വിയോജിപ്പുണ്ടെങ്കിൽ പ്രതിഷേധങ്ങൾ ഉണ്ടാവുക സാധാരണമാണ്. ഈ അവസരങ്ങളിൽ ഒക്കെ ജനകീയ ശ്രദ്ധ ഗതിമാറ്റുക എന്നത് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ ഒരു ശൈലിയായി മാറിയിരിക്കുന്നു.
മുഖ്യമന്ത്രി പത്രസമ്മേളങ്ങളിൽ ഒക്കെ പറയുന്ന ഒരു കാര്യമുണ്ട്. നമ്മൾ ഒരു പ്രതിസന്ധി കാലത്തെയാണ് നേരിടുന്നത്. എല്ലാവരുടെയും കൂട്ടായയത്നമാണ് അതിനു ആവശ്യമെന്ന്. ഈ അവസരത്തിൽ മറ്റുവിഷയങ്ങൾ അല്ല മുഖ്യമെന്ന്. കെ കെ ശൈലജക്കെതിരെ മുല്ലപ്പള്ളി നടത്തിയ ആരോപണത്തിൽ കയറിപ്പിടിച്ചു വിവാദങ്ങൾ സൃഷ്ട്ടിക്കാൻ എന്തുകൊണ്ടാണ് എൽ ഡി എഫിനെ പ്രേരിപ്പിച്ചതെന്നാണ് ഇവിടെ ചോദ്യം. അതിനു ഉത്തരമാണ്, ആദ്യം പറഞ്ഞപോലെ ജനശ്രദ്ധ തിരിക്കണം. തിരിച്ചു വിടണം. അതിനുള്ള കാരണം തിരയുമ്പോഴാണ് ആർക്കും ചിരി വന്നു പോകുന്നത്. കോവിഡിന്റെ പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളം മുന്നിൽ വന്ന യാഥാർഥ്യങ്ങൾ തേടുമ്പോൾ, അറിയേണ്ട ചില സത്യങ്ങൾ കൂടിയുണ്ട്. പ്രവാസികൾ വരുമെന്ന് പറയുമ്പോൾ സർക്കാർ ഇറക്കിയ പത്രകുറിപ്പുകൾ, മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും വാതോരാതെ നടത്തിയ പ്രതാവനകൾ. കൊറന്റീൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ അവർക്കു ഒരുക്കിയിട്ടുണ്ടെന്ന്, പറഞ്ഞ സർക്കാർ ഏറ്റവും ഒടുവിൽ കൊറന്റീൻ സ്വന്തം ചിലവിൽ വേണമെന്നും, നിവൃത്തി കെട്ടപ്പോൾ കൊറന്റീൻ വീട്ടിലാക്കാമെന്നും വരെ മാറ്റി മാറ്റി പറഞ്ഞവരെ കബളിപ്പിച്ചു. മടങ്ങി വരുന്ന പ്രവാസികൾ ജോലി നഷ്ടപ്പെട്ടവരും, വിസ കാലാവധി കഴിഞ്ഞവരും, ഗതികെട്ടവരുമാണെന്നു സർക്കാരിന് നല്ലപോലെ അറിയാം. ഇനിയൊരു പ്രളയം വന്നാൽ പോലും, ഇവരെക്കൊണ്ടൊന്നും, ഒരുപ്രയോജനവും ഉണ്ടാവില്ലെന്ന യാഥാർഥ്യവും അറിയാം.
കേരളത്തിൽ മരണ നിരക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ കുറവെന്നാണ് പറയുന്നത്. രോഗവ്യാപനം തടയാൻ എടുത്ത നിലപാടുകളും, നടപടികളും കേരളത്തിൽ ഫലം കണ്ടു എന്നതും സത്യമാണ്. ഇരുപതോളം മരണങ്ങൾ ആണ് കേരളത്തിൽ നടന്നത്. പക്ഷെ ഇതെല്ലാം വിജയമായെന്നു വാനോളം പുകഴ്‌ത്താൻ സമയമായില്ല. ഇനിയും അതിനു കാത്തിരിക്കണം. സംസ്ഥാനത്തെ രോഗ വ്യാപനം പൂർണമായും നില്ക്കുമ്പോഴാണ് സർക്കാരിന് ഇക്കാര്യത്തിൽ വിജയിക്കാനായൊ എന്ന്പറയാനാവുന്നത്.
പക്ഷെ ഇവിടെ, ഈ മണ്ണിന്റെ മക്കൾ, അതായത് ഈ മണ്ണിൽ ജനിച്ചു വളർന്നു ജീവിത മാർഗം തേടി ഗൾഫ് നാടുകളിൽ പണിയെടുക്കാൻ പോയി നാട്ടിൽ വരാൻ കഴിയാതെ അന്യ നാടുകളിൽ മരണപ്പെട്ടത് 250 മലയാളികളാണെന്നത് മറക്കരുത്. അവർ ഈ മണ്ണിന്റെ രക്തവും, ശ്വാസവുമായിരുന്നുവെന്നത് മറന്നുപോയാൽ അത് കൊടും ചതിയായിരിക്കും. ഒരു കാലം വരെ പ്രവാസിക്ക് വേണ്ടി വാതോരാതെ തട്ടിവിട്ടു പുകഴ്ത്തിയവർ, അവനു കഷ്ടകാലം വന്നപ്പോൾ തള്ളിമാറ്റുന്ന കാഴ്ചയാണ് കേരളം കണ്ടത്. അതെ, പ്രവാസിയുടെ ഒരു മുഖ്യ വിഷയം തന്നെയാണ് കോവിഡ് പരിശോധന നിർബന്ധമാക്കിയ നടപടി. കേരളത്തിലെ ഒരു ജനകീയ പ്രശ്നമാണത്. അതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് മുല്ലപ്പള്ളി പറഞ്ഞ കച്ചിത്തുരുമ്പിൽ, സർക്കാരും, എൽ ഡി എഫുമൊക്കെ കയറിപിടിച്ചതെന്നു തിരിച്ചറിയാൻ മാത്രം ബുദ്ധിയില്ലാത്തവരാണോ കേരള ജനത.
മുല്ലപ്പള്ളി പറഞ്ഞത് വലിയ പാതകമാണെന്നു പറയുന്ന മുഖ്യമന്ത്രി ചില പഴയ കാര്യങ്ങൾ മനഃപൂർവ്വം മറന്നു പോയി. പ്രതിപക്ഷനേതാവ് രമേശ് ഞായറാഴ്ച ഓർമ്മപെടുത്തിയതാണവ. താമരശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചിട്ടില്ലേ? അത് ശരിയാണോ ? എം പി പ്രമേചന്ദ്രനെ പരനാറി എന്ന് പല തവണ വിളിച്ചിട്ടില്ല ? അത് ശരിയായിരുന്നോ?, മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണനെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചിട്ടില്ലേ? ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രമ്യാ ഹരിദാസിനെ ഇടതുമുന്നണി കണ്‍വീനര്‍ വാക്കുകള്‍കൊണ്ട് അപമാനിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ധാര്‍മ്മികരോഷം ഒന്നും തോന്നിയില്ലേ?, തിരഞ്ഞെടുപ്പിന് ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചത് ആരാണ്? പെമ്പിളൈ ഒരുമയിലെ വനിതകളെ മന്ത്രി അശ്ലീലം കൊണ്ട് കുളിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി എന്തെ ഒന്നും മിണ്ടിയില്ല. ഫോണില്‍ ഒരു വനിതയോട് അശ്ലീലം പറഞ്ഞതിന് രാജിവെച്ച മന്ത്രി ഇപ്പോഴും മന്ത്രി കസേരയിൽ കൂടെ തന്നെ ഇല്ലേ? രാഷ്ട്രീയത്തിൽ ഇതൊക്കെ ഒരുത്തർക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പറയുന്നതിൽ ന്യായമില്ല. നിങ്ങൾ യു ഡി എഫും, എൽ ഡി എഫും തമ്മിൽ എന്തുവേണമെങ്കിലും, വിളിച്ചും പറഞ്ഞും ഇരുന്നോളൂ. പക്ഷെ ജനത്തെ മാത്രം വിഡ്ഢികളാക്കരുത്. ജനം മാത്രം വിഡ്ഢികളാണെന്ന് ചിന്തിക്കരുത്. ജനകീയ വിഷയങ്ങളിൽ നിന്ന് ജനകീയ ശ്രദ്ധ തിരിക്കാൻ വേണ്ടി ഇത്തരം കച്ചിത്തുരുമ്പുകളിൽ കയറിപ്പിടിച്ചു ആത്മരോക്ഷം കൊണ്ട് സ്വയം വിഡ്ഢികളാകാതിരിക്കുക.
വള്ളിക്കീഴൻ
Post Your Comments