

ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷ വിമര്ശനം. രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയെന്ന പദവി കരസ്ഥമാക്കിയ പ്രധാനമന്ത്രിയാണ് മോദിയെന്നും ഇന്ത്യന്‍ ജനത ഇത്രയും ദുരിതമനുഭവിച്ച മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം രാജ്യത്തെ അഗാധമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. രാജ്യത്തെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയെന്ന പദവി കരസ്ഥമാക്കിയ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യന്‍ ജനത ഇത്രയും ദുരിതമനുഭവിച്ച മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. വിഭജനകാലത്ത് പോലും കാണാത്ത ക്ലേശവും ദുരിതവും പേറി ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കൂട്ടപലായനം ചെയ്യുന്നത്. ദീര്‍ഘവീക്ഷണവും മുന്‍കരുതലുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ കോടിക്കണക്കിന് വരുന്ന പട്ടിണിപ്പാവങ്ങളായ ദിവസവേതനക്കാരാണ് നിരാലംബരായത്. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തി. ആരോഗ്യമേഖല നാഥനില്ലാത്ത അവസ്ഥയിലെത്തി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനൈപുണ്യമില്ലായ്മ പ്രകടമാക്കുന്നതാണ് കേവിഡ് മഹാമാരിക്കാലം. കോവിഡ് രോഗബാധിതരുടെ കണക്കെടുക്കുമ്ബോള്‍ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ 9 -ാം സ്ഥാനത്തുണ്ട്. ആഗസ്‌റ്റോടെ ഒന്നേമുക്കാല്‍ കോടി കോവിഡ് രോഗികള്‍ ഉണ്ടാകുമെന്നാണ് നീതി ആയോഗ് പറയുന്നത്. കോവിഡ് രോഗവ്യാപനം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുയെന്നതിന്റെ തെളിവാണിത്.
കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ സാമ്ബത്തിക പാക്കേജ് സാധാരണ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്തില്ല. സാധാരണ ജനങ്ങളിലേക്ക് നേരിട്ട് അവരുടെ കൈകളില്‍ പണം എത്തിക്കുന്നതിന് പകരം വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 3.1 ശതമാനമായി കൂപ്പുകുത്തിയിരിക്കുന്നു. ഇത് ഇനിയും താഴോട്ട് പോകാനാണ് സാധ്യത. നേരിട്ട് പണം ജനങ്ങളിലേക്ക് എത്തിക്കുകയാണെങ്കില്‍ സാമ്ബത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. സാമ്ബത്തിക പാക്കേജുകളുടെ മറവില്‍ സമ്ബൂര്‍ണ്ണ സ്വകാര്യവത്കരണമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. തന്ത്രപ്രധാനമേഖലകള്‍ ഉള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റുതുലയ്ക്കുന്നു.
റെയില്‍വെ,വിമാനത്താവളം,ബഹിരാകാശം, ആണവപരീക്ഷണ കേന്ദ്രം, ധാതു-കല്‍ക്കരി മേഖല എന്നിവയെല്ലാം വിറ്റുതുലച്ചു. ഒന്നും നിര്‍മ്മിക്കാത്തവര്‍ എല്ലാം വിറ്റുതുലയ്ക്കുകയാണ്. സാമ്ബത്തിക പാക്കേജുകളുടെ മറവിലാണ് തന്ത്രപ്രധാന മേഖലകള്‍ വിറ്റുതുലയ്ക്കുന്നത്.
മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതിബില്‍, ആള്‍ക്കൂട്ടകൊലപാതകം, ആയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയവയുള്‍പ്പെടെ ഹിന്ദുഭൂരിപക്ഷത്തിന്റെ അജണ്ടയാണ് മോദിസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇന്ത്യന്‍ സമൂഹത്തെ വര്‍ഗീയ ധ്രൂവികരണത്തിന് വിധേയമാ ക്കിയെന്നത് മാത്രമാണ് ഈ സര്‍ക്കാരിന്റെ ബാക്കിപത്രം.
Post Your Comments