ഉംപുന് പിറകെ 'നിസർഗ'വരുന്നു.
NewsNationalWorld

ഉംപുന് പിറകെ ‘നിസർഗ’വരുന്നു.

ഉംപുൻ സൂപ്പർ ചുഴലിക്ക് പിന്നാലെ വീണ്ടുമൊരു ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്കെന്ന്, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശ് നൽകിയ ‘നിസർഗ’എന്ന പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റ് ജൂൺ 3 ഓടെ ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപം കൊണ്ടിട്ടുള്ള ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിശക്ത ന്യൂനമർദമായി മാറുമെന്നും, ശേഷമുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നുമാണ് പറഞ്ഞിട്ടുള്ളത്. ‘നിസർഗ’ എന്ന ഈ ചുഴലി വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നത്.
ഇതിനിടെ, ചുഴലിക്കാറ്റിന്‍റെ മുന്നോടിയായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ കേരളം, ലക്ഷദ്വീപ്, കർണാടകയിലെ തീരമേഖലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേയ് 31, ജൂൺ 1 തീയതികളിൽ ശക്തമായ മഴയുണ്ടാകുമെന്ന അറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗത്തിലും ചിലപ്പോൾ, 65 കിമീ വരെ വേഗതയിലും, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.

ബംഗാളിലും ഒഡീഷയിലും ഉംപൻ സൂപ്പർ സൈക്ലോൺ ആഞ്ഞു വീശിയത് കനത്ത നാശം വിതച്ചിരുന്നു. തുടർന്നുണ്ടായ മഴയിൽ നിരവധി ജീവനുകൾ നഷ്ടമാവുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയൊരു ചുഴലിക്കാറ്റിന്‍റെ ഭീഷണി കൂടി ഇന്ത്യൻ മണ്ണിലേക്ക് ഉണ്ടായിരിക്കുന്നത്.

Related Articles

Post Your Comments

Back to top button