

പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടും അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ വരുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. മരണം നടന്ന് അഞ്ചുമാസം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാവാത്തത് മരണപ്പെട്ട ശ്രുതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉന്നതരുമായുള്ള ഇടപെടല്‍ മൂലമാണെന്ന് ശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ ആരോപിക്കുന്നു.

ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചുവെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ പൊലീസിന് നൽകിയ മൊഴി. എന്നാല്‍ 38 ദിവസത്തിന് ശേഷം ലഭിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലെ പാടുകളും നെറ്റിയിലും മാറിലും മുറിവുകളും ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തുടർന്നാണ് മരണം കൊലപാകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തുന്നത്. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ പൊലിസ് സൂപ്രണ്ടിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments