

സംസ്ഥാന സർക്കാർ ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി. നിലവില്‍ പൊതുമരാമത്തിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അഭ്യന്തര, വിജിലന്‍സ് സെക്രട്ടറിയായി നിയമിച്ചു. ജലവിഭവം, കോസ്റ്റല്‍ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ എന്നീ വകുപ്പുകളുടെ ചുമതലകൂടി ഇദ്ദേഹം വഹിക്കും.
കോട്ടയം കലക്ടര്‍ പി. സുരേഷ്ബാബു 31ന് വിരമിക്കുന്നതിനാല്‍ ആലപ്പുഴ കലക്ടര്‍ എം.അഞ്ജനയെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും മേയര്‍ ശ്രീകുമാറുമായും അഭിപ്രായവ്യത്യാസമുണ്ടായിരുന്ന തിരുവനന്തപുരം കലക്ടര്‍ ഗോപാലകൃഷ്ണനെ മലപ്പുറം കലക്ടറായി മാറ്റി നിയമിച്ചു. മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ എം.ഡിയായിരുന്ന നവജ്യോത് സിങ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കലക്ടര്‍. രജിസ്ട്രാര്‍ ഓഫ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് എ. അലക്‌സാണ്ടറിനെയാണ് ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചിട്ടുള്ളത്.

ഡി.എഫ്.എഫ്.റ്റി പരിശീലനം കഴിഞ്ഞ് തിരികെയെത്തുന്നമുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇദ്ദേഹം ഊര്‍ജ വകുപ്പ് സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും. ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
കൊച്ചി മെട്രോ റെയില്‍ എം.ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ സ്‌പെഷ്യല്‍ പ്രൊജക്‌ട്‌സ്, കൊച്ചി – ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡിഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട് സിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫിസറുടെയും ചുമതലകൂടി വഹിക്കും. മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണറായി നിയമിച്ചു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകൂടി ഇവര്‍ വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
Post Your Comments