ഒന്നരവയസുകാരനെ കൊലപ്പെടുത്തുന്നതിനു ശരണ്യയും കാമുകനും ഗൂഡാലോചന നടത്തിയിരുന്നു.
NewsKeralaCrime

ഒന്നരവയസുകാരനെ കൊലപ്പെടുത്തുന്നതിനു ശരണ്യയും കാമുകനും ഗൂഡാലോചന നടത്തിയിരുന്നു.

കണ്ണൂരിൽ ഒന്നരവയസുകാരനെ അമ്മ കരിംപാറക്കൂട്ടത്തിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം തയ്യാറായി. ശരണ്യയും കാമുകനും കൊലപാതകത്തിന് മുമ്പ് ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുന്നിലാണ് ഗൂഡാലോചന നടത്തി എന്ന് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നു. ഒന്നരമണിക്കൂറായിരുന്നു ഗൂഡാലോചന.
ഫെബ്രവരി 16 ന് ഇരുവരും വൈകുന്നേരം 3.45 മുതൽ 5.15 വരെയാണ് ഗൂഢാലോചന നടത്തിയത്. കൊലക്കുറ്റം ഭർത്താവ് പ്രണവിന് മേൽ കെട്ടിവെക്കാനുള്ള തീരുമാനം എടുത്തതും അവിടെ വച്ചാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം എറിഞ്ഞപ്പോൾ പാറക്കെട്ടുകളിൽ വീണ കുട്ടിയെ ശരണ്യ വീണ്ടും ഇറങ്ങിച്ചെന്ന് കടലിലേക്ക് എറിഞ്ഞെങ്കിലും വെള്ളത്തിൽ മുങ്ങിയല്ല കുട്ടി മരിച്ചതെന്നും, ശക്തമായി പാറയിൽ ചെന്നടിച്ചതിനെ തുടർന്ന് മുഖത്തും നെറ്റിയിലുമുള്ള പരിക്കുകൾ മൂലമാണ് മരണം സംഭവിച്ചതെന്നും, പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാക്കിയിരിക്കുന്നു.
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധൻ ആർ ജി ഹേമന്ത് കുമാർ ആണ് ഇത് സംബന്ധിച്ചുള്ള മൊഴി നൽകിയിട്ടുള്ളത്. കുട്ടിയെ കൊല്ലുന്നതിന് തൊട്ട് മുമ്പ് ശരണ്യ മുലപ്പാൽ നൽകിയിരുന്നു. കട്ടിയായ മുലപ്പാലിന്റെ അംശം വയറിൽ നിന്ന് പോസ്റ്റ് മോർട്ടം സമയത്ത് കണ്ടെത്തിയതായും മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ശരണ്യയും കാമുകനും മുമ്പ് ശരണ്യയുടെ വീട്ടിൽ വെച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും, കുറ്റപത്രം പറയുന്നു. ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കാമുകൻ നിതിൻ ശരണ്യയുടെ കുട്ടിയുടെ ബ്രേസ്‌ലെറ്റ് കൈക്കലാക്കി വിൽപ്പന നടത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ ശരണ്യ കൊണ്ട് ലോൺ എടുപ്പിക്കാനും കാമുകൻ ശ്രമിച്ചിരുന്നു.

അതേ സമയം വലിയന്നൂർ സ്വദേശി നിതിന് എതിരെ ശക്തമായ തെളിവുകൾ കുറ്റപത്രത്തിൽ ഇല്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. നിതിന് കുറ്റപത്രത്തിൽ ഒട്ടനവധി പഴുതുകൾ ഉണ്ടെന്നും പറയുന്നുണ്ട്. പ്രതിഭാഗം അഭിഭാഷകൻ മഹേഷ് വർമയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഒന്നര വയസ്സുള്ള കുട്ടിയെ കൊല്ലുവാൻ പൊതുനിരത്തിൽ വച്ച് ഗൂഢാലോചന നടത്തി എന്ന പൊലീസ് വാദം തികച്ചും അസ്വാഭാവികമാണെന്നാണ് മഹേഷ് വർമ്മ പറയുന്നത്. ശരണ്യയുടെ ഭർത്താവ് പ്രണവ് ആണ് പ്രോസിക്യൂഷനിലെ പ്രധാന സാക്ഷി. പ്രണവ് ഉൾപ്പെടെ 48 സാക്ഷികളാണ് കേസിലുള്ളത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 120b 109 എന്നീ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്.കഴിഞ്ഞ ഫെബ്രുവരി 17 നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Related Articles

Post Your Comments

Back to top button