

ഓൺലൈൻ പഠനത്തിന് കഴിയാതെ മലപ്പുറത്ത് സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്ന റിപ്പോർട്ട് ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചതിനു പിറകെ, സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ജില്ല കളക്ടറുടെ ഉത്തരവ്. കേസിന്റെ തുടരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് കളക്ടറുടെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രയല്‍ രണ്ടാഴ്ച കൂടി നീട്ടുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടാഴ്ചക്ക് ശേഷം ഇതുവരെയുള്ള ക്ലാസുകള്‍ പുനസംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ സംവിധാനം എല്ലായിടത്തും എത്താന്‍ രണ്ടാഴ്ച വരെ സമയമെടുക്കുമെന്ന വിലയിരുത്തിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനം എടുത്തത്.
ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭിക്കാത്ത വിഷമം കാരണമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന രക്ഷിതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രി ഡിഡിഇയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നതാണ്. ഈ റിപ്പോർട്ടിൽ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വകുപ്പ് തല വീഴ്ച സംഭവിച്ചിട്ടില്ല എന്ന് ആണ് ഡിഡിഇ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ അസൗകര്യങ്ങൾ സംബന്ധിച്ച കുറവുകൾ നികത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി നടപടികൾ എടുക്കുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥിനിയുടെ മരണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. അതേസമയം, വിദ്യാർഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയ കളക്ടർ, സംഭവത്തിൽ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേസ്സ് തുടരന്വേഷണത്തിന് പുതിയ സംഘത്തെ പ്രഖ്യാപിക്കും. ഡിവൈഎസ്പി തലത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ കീഴിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അത്മഹത്യാ കുറിപ്പ് ഉൾപ്പെടെ വിശദമായി പരിശോധിച്ച് സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഒരാഴ്ച ട്രയല്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ കഴിയാത്തവര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ മനസിലാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത വിദ്യാര്‍ഥി ആത്മഹത്യ സംഭവവും അതിനെതിരായ പ്രതിഷേധങ്ങളും മന്ത്രിസഭയുടെ പരിഗണനയില്‍ വന്ന സാഹചര്യത്തിലാണ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം ഉണ്ടായത്. ജൂണ് 14 വരെ ട്രയല്‍ റണ്‍ ആയിരിക്കും. ഈ കാലയളവില്‍ സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ 14ന് ശേഷം വീണ്ടും പുനസംപ്രേഷണം ചെയ്യും..
ഈ കാലയളവ് കൊണ്ട് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തവര്‍ക്ക് ലാപ്ടോപോ ടിവിയോ ഉപയോഗിച്ച് ബദല്‍ സംവിധാനമൊരുക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഐടി അറ്റ് സ്കൂളിന് കീഴിലുള്ള 1.20 ലാപ്ടോപും 70000 പ്രൊജക്ടറുകളും 4545 ടിവികളും ഇതിനായി ഉപയോഗിക്കാനുള്ള നിര്‍ദേശങ്ങള്‍ കൈറ്റ് പുറത്തിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളും സ്കൂളും സഹകരിച്ച് ബദല്‍ സംവിധാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും. നിലവിലുള്ള സാഹചര്യത്തില്‍ ജൂണ്‍ 15 മുതൽ സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഔദ്യോഗികമായി ആരംഭിക്കുവാനാണ് ആലോചിക്കുന്നത്.
Post Your Comments