സല്യൂട്ട് വിവാദം പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിയുടെ മുന്നിലേക്ക്
തിരുവനന്തപുരം: സിറ്റിംഗ് എംപി സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങിയെന്ന പോലീസ് അസോസിയേഷന്റെ ആരോപണം ദേശീയതലത്തില്‍ ചര്‍ച്ചയാകും. സല്യൂട്ട് സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന പോലീസ് മാന്വലുമായി സുരേഷ് ഗോപി പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിയുടെ മുന്നിലേക്ക് പോകാന്‍ സുരേഷ് ഗോപി തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
സല്യൂട്ട് ചെയ്യാത്ത ഉദ്യോഗസ്ഥനെ അല്ല മറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ എത്തി രാജ്യസഭ അംഗമായ തന്നെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥരെയാകും പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മറ്റിക്ക് മുമ്പില്‍ പ്രതിയായി സുരേഷ് ഗോപി കൊണ്ടുവരിക. വിവിധ ചാനലുകളില്‍ പോലീസ് അസോസിയേഷന്റെ പേരില്‍ എത്തിയ ഭാരവാഹികളുടെ വിവരങ്ങളും വീഡിയോയും അദ്ദേഹം ശേഖരിക്കുന്നുണ്ട്.
പോലീസ് മാനുവലിലെ ചര്‍ച്ച രാജ്യസഭയുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന വിലയിരുത്തല്‍ സജീവമാണ്. ഡിജിപിയുടെ അനുമതിയോടെയാണോ ഇവര്‍ ചര്‍ച്ചയ്ക്കെത്തിയതെന്നും പരിശോധിക്കും. പാര്‍ലമെന്റിന്റെ സമിതിക്കുള്ള വിപുലമായ അധികാരങ്ങള്‍ മനസിലാക്കിയാണ് ഈ നീക്കം. എംപിക്ക് സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് പോലീസില്‍ മാനുവല്‍ ഉണ്ടെന്നാണ് അസോസിയേഷന്‍ നേതാക്കള്‍ പറയുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ എംപിക്കെതിരെ നിലപാടുകളുമായി നേതാക്കളുമെത്തി.
ഇതെല്ലാം പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ കൊണ്ടുവരാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. നിയമസഭയുടെ പെറ്റീഷന്‍ കമ്മറ്റിക്ക് മുമ്പിലും ഈ വിഷയം സുരേഷ് ഗോപിക്ക് പരാതിയായി നല്‍കാം. ഇവിടെ സല്യൂട്ട് ചെയ്യാന്‍ മടിച്ച പൊലീസുകാരനെതിരേയേ പരാതി കൊടുക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് വിഷയം പാര്‍ലമെന്റിന് മുമ്പിലെത്തിച്ച് പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നീങ്ങാനുള്ള തീരുമാനം.