

പൊതുമാപ്പ് കഴിഞ്ഞിട്ടും കുവൈറ്റിൽ 120000 അനധികൃത താമസക്കരുണ്ടെന്ന് കുവൈറ്റ് സർക്കാർ. അവരിൽ 30000 ഇന്ത്യക്കാരു മുൾപ്പെടും.ആഭ്യന്തരമന്ത്രാലയത്തിന്റെയും സാമൂഹിക മന്ത്രാലയ ത്തിന്റെ കംപ്യൂട്ടർ സംവിധാനത്തിൽ ചേർക്കപ്പെട്ടിട്ടുള്ള അവർക്ക് പിഴ അടച്ചാലും ഇഖാമ പുതുക്കി നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്ത് എത്രകാലം ഒളിച്ചുതാമസിച്ചാലും അവരെ നാടുകടത്തുക തന്നെ ചെയ്യും. അത്രയും ആളുകളെ കുവൈത്തിൽ തിരിച്ചുവരാനാകാത്തവിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ഏപ്രിൽ മാസം നടപ്പാക്കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുൾപ്പെടെ പലരെയും സ്വദേശങ്ങളിലേക്ക് അയക്കുന്ന പ്രക്രിയ തുടരുന്നതിനിടെയാണ് സർക്കാരിന്റെ തീരുമാനം. അനുവദിക്കപ്പെട്ട ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നിലപാടെന്ന് അധികൃതർ വെളിപ്പെടുത്തി. മാനുഷിക പരിഗണനയിലാണ് ഒരുമാസം പൊതുമാപ്പ് അനുവദിച്ചത്. പ്രയോജനപ്പെടുത്തുന്നവരെ പിഴ ഈടാക്കാതെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്താതെയുമാണ് അവരുടെ രാജ്യങ്ങളിലേക്ക് അയച്ചതും അയച്ചുകൊണ്ടിരിക്കുന്നതും. അതിനുള്ള ചെലവ് വഹിക്കുന്നതും കുവൈത്ത് സർക്കാർതന്നെ. സർക്കാരിന്റെ മാനുഷിക നിലപാടിനോട് മുഖംതിരിച്ചവർക്കെതിരെ കർശന നിലപാട് എന്നതാണ് സർക്കാർ തീരുമാനം.
അനധികൃത താമസക്കാരിൽ ഭൂരിപക്ഷവും കാലങ്ങളായി രാജ്യത്ത് അനധികൃതമായി കഴിയുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത താമസക്കാരിൽ 25000 ബംഗ്ലദേശുകാരും 20000 ഈജിപ്തുകാരും 12000 ശ്രീലങ്കക്കാരും 10000 ഫിലിപ്പീൻസുകാരും 9000 സിറിയക്കാരും 8000 ഇത്യോപ്യക്കാരും ഇന്തോനീഷ്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 4000 പേർ വീതവുമുണ്ടെന്നാണ് കണക്ക്. അനധികൃത താമസത്തിന് നിയമപ്രകാരം ഈടാക്കാവുന്ന പരമാവധി തുക 600 ദിനാർ ആണ്. ഇത്രയും ആളുകൾ പിഴയിനത്തിൽ സർക്കാരിനോട് ഏകദേശം 72 ദശലക്ഷം ദിനാർ ബാധ്യതപ്പെട്ടവരാണെന്ന് ചുരുക്കം.
Post Your Comments