

കേരളത്തിൽ ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഏറ്റവും ഒടുവിലുള്ള റിപ്പോർട്ടുകൾ പ്രകാരം, ഉറവിടമറിയാത്ത 60 കോവിഡ് കേസുകൾ പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരിക്കുകയാണ്. രോഗവ്യാപന പഠനം നടത്താൻ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർമാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് ഉറവിടമറിയാത്ത 60 കോവിഡ് കേസുകളിൽ 49 പേരുടെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഉറവിടം തിരിച്ചറിയാത്ത കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വർഗീസ്, കൊല്ലത്ത് മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച സേവ്യർ, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുൽ കരീം, കണ്ണൂർ ധർമടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയിൽ വീണതിനു ചികിത്സ തേടിയപ്പോൾ കോവിഡ് സ്ഥിരീകരിച്ച കാസർകോട്ടെ ഓട്ടോറിക്ഷാ ഡ്രൈവർ തുടങ്ങിയവർക്ക് എങ്ങനെ രോഗം വന്നെന്നു ഇതുവരെ വ്യക്തതയില്ല. വ്യാഴാഴ്ച കണ്ണൂരിൽ മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നും വ്യക്തമല്ല.
മാർച്ച് 23 മുതൽ ജൂൺ 6 വരെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് 4 മുതൽ ജൂൺ 6 വരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഉറവിടമറിയാത്ത കൂടുതൽ രോഗബാധിതർ ഉണ്ടായത്. ബുധനാഴ്ച നടന്ന അവലോകനയോഗത്തിൽ വിഷയം ചർച്ചയായപ്പോൾ രോഗവ്യാപനപഠനം നടത്താൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പിനാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. പഠനറിപ്പോർട്ട് തുടർന്ന് ഐസിഎംആറിനും നൽകാനും തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കു പോയ 50 ഓളം പേർക്ക് അവിടെ ചെന്നയുടൻ രോഗം സ്ഥിരീകരിച്ചത് കേരളത്തി ൽ അതിജാഗ്രത ആവശ്യമുണ്ടെന്നു ചൂണ്ടികാട്ടുന്നുണ്ട്. സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ കേരളത്തിൽ നടത്തിയ ആന്റിബോഡി പരിശോധനാഫലം സർക്കാർ പുറത്തുവിട്ടിട്ടില്ല. കൃത്യമായ കണക്കുകൾ പുറത്തുവിട്ട് ജനങ്ങൾക്ക് രോഗവ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശം സർക്കാർ ചെവികൊണ്ടിട്ടില്ല.കൊവിഡ് രോഗികളെ കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി ആളുകളെ നിരീക്ഷിക്കുന്നത് വഴിയാണ് കേരളം കൊവിഡ് വ്യാപനത്തെ നേരിട്ടുവരുന്നത്. എന്നാൽ ഉറവിടം തിരിച്ചറിയാത്ത കേസുകൾ രോഗബാധിതരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതാണ് ഗൗരവകരമായിരിക്കുന്നത്.
Post Your Comments