മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി
ന്യൂഡെൽഹി :കൊറോണയെ തുടർന്ന് മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ പണം പിരിക്കുന്നത് തടയണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന അനാഥരായ കുട്ടികൾക്ക് ആറുമാസം തുടർന്ന് അവിടെ പഠിക്കാൻ അവസരം ഒരുക്കണം. ഇതിന് ഇടയിൽ സർക്കാർ ഇടപെട്ട് വിദ്യാഭ്യാസം തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. രക്ഷിതാക്കളിൽ ഒരാൾ മരിച്ച കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് കോടതി നിർദേശിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളിലെ സഹായം കുട്ടികൾക്ക് വേഗത്തിൽ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പല സന്നദ്ധ സംഘടനകളും അനാഥരായ കുട്ടികളെ സഹായിക്കാനെന്ന വ്യാജേന പണം പിരിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കമ്മിഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പുകളും, നിയമ വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകിയത്.