

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രോസിക്യൂഷന്റെ ഒത്താശയോടെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യം നേടി. സംഭവത്തില്‍ പ്രതിഭാഗത്തിനൊപ്പം പ്രോസിക്യൂഷനും ചേർന്ന് വസ്തുത മറച്ചു വെച്ച് നേടിയ ജാമ്യം റദ്ദാക്കാന്‍ അപ്പീലുമായി പോലീസ് ശ്രമം നടത്തിവരുകയാണ്. ആലപ്പുഴയില്‍ തുറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എറണാകുളം വെട്ടൂര്‍ സ്വദേശി സഫര്‍ഷയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ചു വെച്ചായിരുന്നു ഇത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വേണ്ടുന്ന കാലയളവായ 90 ദിവസം പൂര്‍ത്തിയാവുന്നത് ഏപ്രിൽ 8 നായിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നാം തീയതി തന്നെ പോലീസ് കുറ്റപത്രം നൽകിയിരുന്നത് മറച്ചുവെച്ച് പ്രതിക്ക് ജാമ്യം നേടിയെടുക്കുകയായിരുന്നു. മെയ് 12 നാണു പ്രതി ജാമ്യം നേടി പുറത്ത് വരുന്നത്.
സംഭവത്തില്‍ പ്രതിഭാഗത്തിനൊപ്പം പ്രോസിക്യൂഷനും തുണച്ചതാണ് പ്രതിക്ക് കോടതി ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. അറസ്റ്റ് ചെയ്ത് 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല എന്ന കാരണം പറഞ്ഞു സോപാധിക ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷനും ഈ അവസരത്തിൽ പറഞ്ഞത്. അതേസമയം, ഏപ്രില്‍ ഒന്നാം തീയതി തന്നെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷൻ മറച്ചുവെക്കുകയായിരുന്നു. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതക കേസിൽ 2020 ജനുവരി 8 നായിരുന്നു സഫര്‍ഷ അറസ്റ്റിലാവുന്നത്. എറണാകുളം കാര്‍ ഷോറൂമിലെ ഡ്രൈവറായ സഫര്‍ഷാ അവിടെ നിന്നും മോഷ്ടിച്ച കാറില്‍ പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാല്‍പ്പാറയിലെ തേയിലത്തോട്ടത്തില്‍ തള്ളുകയും ചെയ്‌തെന്നാണ് കേസ്. ജനുവരി 9 ന് നടന്ന സംഭവത്തില്‍ അന്ന് തന്നെ സഫര്‍ഷ പിടിയിലായിരുന്നു. 24 ഓളം കുത്തുകളാണ് പെണ്‍കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നത്. പ്രേമബന്ധത്തില്‍ നിന്നും പിന്മാറിയതാണ് ക്രൂരമായ കൊലപാതകം ചെയ്യാൻ സഫര്‍ഷയെ പ്രേരിപ്പിച്ചത്.
Post Your Comments