

കോവിഡ് വിതക്കുന്ന ആശങ്ക നിലനിൽക്കെ കൊല്ലം ജില്ല എലിപ്പനിയുടെയും, ഡെങ്കിപ്പനിയുടെയും ഭീതിയിലാണ്. പകർച്ച പനികൾ ജില്ലയിൽ പിടിമുറുക്കുന്നു എന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സംസ്ഥാനത്ത് ഈ വർഷം ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട കൊല്ലം ജില്ലയിൽ മാത്രം 15 പേർക്കാണ് രോഗം കണ്ടെത്തിയിരുന്നത്.കഴിഞ്ഞവർഷം 68 പേർക്ക് രോഗം ബാധിച്ചത്തിൽ ആറു പേരാണ് മരണപ്പെട്ടത്. ജില്ലയിലെ മലയോര മേഖലയായ പുനലൂരും, കൊല്ലം നഗരത്തിലും ആണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. പുനലൂർ, തൊടിയൂർ, കൊല്ലം കോർപ്പറേഷൻ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ വർഷം ജില്ലയിൽ തൊണ്ണൂറോളം പേർക്ക് ഡെങ്കി ബാധിച്ചതായിട്ടാണ് കണക്കുകൾ പറയുന്നത്. നാലു പേരുടെ മരണം രോഗംമൂലം ആണെന്നും സംശയിക്കുന്നുണ്ട്. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടു ഫലങ്ങൾ കിട്ടിയാലേ ഇക്കാര്യത്തിൽ തീർപ്പാകൂ. കഴിഞ്ഞവർഷം ജില്ലയിൽ 696 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. മൂന്ന് പേർ മരണപെട്ടു. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, മലിനജലത്തിൽ ജോലിചെയ്യുന്നവർ എന്നിവരിലാണ് രോഗബാധകൂടുതലായി കണ്ടെത്തുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ഡെങ്കി കോർണർ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഡെങ്കിപ്പനി പരിശോധനയ്ക്ക് ജില്ലയിൽ നാല് ലബോറട്ടറികൾ സജ്ജമാക്കിയിട്ടുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് ഡെങ്കിപ്പനി പ്രതിരോധത്തിന് ഉള്ള പ്രധാനമാർഗമായി നിര്ദേശിക്കപ്പെടുന്നത്. കൊതുകുകളുടെ ഉറവിടനശീകരണം സാധ്യമയമാവുക എന്നതാണ് അത് കൊണ്ട് പ്രധാനമായും ഉദ്ദേശ്ശിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുകയാണ് ഇതിന് ചെയ്യേണ്ടത്. വീടു പരിസരങ്ങൾ പുകക്കുന്നതും ഇതിനു ഗുണകരമാകും.
Post Your Comments