

കോവിഡിന് അണുനശീകരണം നടത്താനെത്തിയ ആരോഗ്യപ്രവർത്തകനാണെന്നു കബളിപ്പിച്ചു സെക്യൂരിറ്റിക്കാരനെ പുറത്തുനിർത്തി അണുനശീകരണം നടത്താൻ കയറിയ ആൾ എടിഎമ്മില്‍ നിന്ന് 8.2 ലക്ഷം രൂപ കവര്‍ന്നു. ചെന്നൈയിലെ എം.എം.ഡി.എ ഈസ്റ്റ് മെയിന്‍ റോഡിലാണ് കവർച്ച സംഭവം അരങ്ങേറിയത്. ഓട്ടോയില്‍ എത്തിയ ആൾ എടിഎം അണുവിമുക്തമാക്കാനാണെന്ന് സെക്യൂരിറ്റിക്കാരനോട് പറഞ്ഞാണ് എടിഎം റൂമില്‍ കയറുന്നത്. ഒരു സംശയവും തോന്നാത്തതിനാൽ സെക്യൂരിറ്റിക്കാരന്‍ അണുനശീകരണം നടത്താൻ എടിമ്മിനുള്ളില്‍ കയറാൻ അനുവദിക്കുകയായിരുന്നു.
ആരോഗ്യപ്രവർത്തകൻ ഉള്ളിൽ അണുനശീകരണം നടത്തുന്നതിനിടെ പണമെടുക്കാന്‍ വന്നയാളോട് കാത്തു നിൽക്കാനും സെക്യൂരിറ്റി പറയുകയുണ്ടായി. അകത്തുകയറിയ മോഷ്ടാവ് പിന്‍ നമ്പര്‍ മറ്റും അടിക്കുന്നത് പണമെടുക്കാന്‍ വന്നയാള്‍ കണ്ടിരുന്നെങ്കിലും, ബാങ്കിലെ ജീവനക്കാരനായിരിക്കുമെന്നാണ് കരുതിയത്. പത്ത് മിനുറ്റിന് ശേഷം ബാഗുമായി പുറത്തിറങ്ങിയ മോഷ്ടാവ് ഓട്ടോയില്‍ കടന്നുകളഞ്ഞതിനു ശേഷമാണ് മോഷണമാണ് നടന്നതെന്ന് മനസിലാവുന്നത്. സംഭവത്തിൽ മധുരവയല്‍ പൊലീസ് കേസെടുത്തു. എ.ടി.എം ചെസ്റ്റ് കൃത്യമായി പാസ് വേര്‍ഡ് ഉപയോഗിച്ച് തുറന്നതിനാല്‍ കവർച്ചക്ക് പിന്നിൽ പാസ് വേര്‍ഡ് അറിയാവുന്നവർ ആയിരിക്കുമെന്നാണ് പോലീസ് കരുതുന്നത്. എടിഎമ്മില്‍ പണം നിറക്കുന്ന സ്ഥാപനത്തിലെ ആറ് പേരെ പൊലീസ് സംഭവത്തിൽ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.
Post Your Comments