

ലോകത്താകമാനം കൊവിഡ്-19 രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. നിലവില്‍ 402,237 രോഗികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 69 ലക്ഷം കടന്നു. വരൾഡോമീറ്റർ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം 6,981,005 രോഗികളാണുള്ളത്. ശനിയാഴ്ച മാത്രം 4,177 പേർക്ക് ജീവൻ നഷ്ടമായി. ജൂണ്‍ നാലിനാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവുമധികം മരണമുണ്ടായിരുന്നത്. അന്ന് 5,512 പേരാണ് മരിച്ചത്.
ഈ കാലയളവിൽ ലോകത്ത് 34 ലക്ഷത്തോളം രോഗികള്‍ക്ക് രോഗമുക്തിയുണ്ടായതായി കണക്കുകള്‍ പറയുന്നുണ്ട്.
അമേരിക്കയില്‍ ആണ് ഏറ്റവുമധികം മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 112,096 പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. ഏഴര ലക്ഷം ആളുകള്‍ ആണ് അമേരിക്കയില്‍ രോഗമുക്തിയുണ്ടായത്. കൃത്യമായ കണക്കുകള്‍ അനുസരിച്ച് 751,894 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം, 11 ലക്ഷം ആളുകള്‍ ഇപ്പോഴും കൊവിഡ് രോഗബാധയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബ്രസീലിൽ ആറേമുക്കാല്‍ ലക്ഷം രോഗബാധിതരാണ് ഉള്ളത്. 36,026 രോഗികളാണ് മരിച്ചത്. എന്നാല്‍ അമേരിക്കയെ അപേക്ഷിച്ച് 50 ശതമാനത്തോളം ആളുകള്‍ക്കും ബ്രസീലിൽ രോഗമുക്തിയുണ്ടായിട്ടുണ്ട്. 302,084 പേര്‍ രോഗ മുക്തി നേടി. 337,720 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. കൊവിഡ് രോഗബാധയില്‍ ലോക പട്ടികയില്‍ ഇറ്റലിയേയും സ്പെയിനേയും മറികടന്ന ഇന്ത്യ, ലോകപട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. അമേരിക്ക, ബ്രസീൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
Post Your Comments