

മൂത്തേടത്ത് ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ സംഭവം വിവാദമായി. അരിയില്‍ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ലെന്നും അരിഞ്ഞു തള്ളുമെന്നും വിളിച്ചുകൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകടനം.
ജൂണ്‍ 18ന് നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ പ്രാദേശിക രാഷ്ട്രീയ തര്‍ക്കമാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനത്തിനു കാരണമായത്. പ്രദേശത്തെ വാട്സ്ആപ്പ് കൂട്ടായ്മയിലെ ചര്‍ച്ചയില്‍ ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്ക്പോര് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഭവത്തില്‍ ഇരുവിഭാഗത്തിലെയും എട്ടു പേര്‍ക്കെതിരെ എടക്കര പോലീസ് കേസെടുത്തു. തുടര്‍ന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകടനം നടന്നത്. മുസ്ലിം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതു പോലെ കൊലപ്പെടുത്തുമെന്നായിരുന്നു മുദ്രാവാക്യം. അതേസമയം, നിലമ്പൂർ മൂത്തേടത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് തള്ളി. പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യങ്ങൾ സംഘടനയുടെ പൊതു നിലപാടിന് യോജിച്ചതല്ലെന്നും, മുദ്രാവാക്യം വിളിച്ചവരിൽ ഡി.വൈ.എഫ്.ഐയുടെ ഉത്തവാദിത്വപ്പെട്ട പ്രവർത്തകരുണ്ടോയെന്ന് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അതേസമയം കൊലവിളി മുദ്രാവാക്യം വിളിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം ലീഗിൻ്റെ പരാതിയിൽ എടക്കര പൊലീസാണ് കേസെടുത്തത്. ജൂൺ 18 നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രകടനം. യൂത്ത് കോൺഗ്രസിനെതിരായ പ്രതിഷേധപ്രകടനം ആയിരുന്നെങ്കിലും മുദ്രാവാക്യം വിളിച്ചത് കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവർത്തകനെതിരെയായിരുന്നു.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ.
Post Your Comments