

ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ തീരുമാനം ഉണ്ടായത്. പനിയും ചുമയുമായി എത്തുന്ന എല്ലാവർക്കും ബംഗളുരുവിൽ ഇനി മുതൽ കോവിഡ് പരിശോധന നടതാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം ശക്തമാക്കും. കെ ആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, വിദ്യരണ്യപുര, കലാശിപാളയ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന് അടുത്തുളള തെരുവുകളും അടച്ചിടാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. വിവി പുരം, എസ് കെ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ 18 പേര്‍ക്ക് വീതം രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതിര്‍ത്തി കൃത്യമായി നിര്‍ണയിച്ച് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഈ മേഖലകളില്‍ നടപ്പാക്കുമെന്ന് ബംഗളൂരു പൊലീസ് തുടർന്ന് അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങള്‍ അടച്ചിട്ടും കൂടുതല്‍ പരിശോധന നടത്തിയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് മുഖ്യ മന്ത്രി വിളിച്ചു ചേർത്ത യോഗം തീരുമാനമെടുത്തത്.
Post Your Comments