

കോവിഡ് ടെസ്റ്റ് നടപ്പിലാക്കുന്നത് നീട്ടി വെച്ചതിൽ ഏറ്റവും കൂടുതൽ ആശ്വസിക്കുന്നത് സൗദിയിലെ പ്രവാസികളാണ്. പ്രായോഗിക പ്രശ്നം സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതോടെ വിമാനങ്ങള്‍ ശനിയാഴ്ച മുതല്‍ പഴയപോലെ നാട്ടിലെത്തി തുടങ്ങുകയാണ്. മുഴുവന്‍ യാത്രക്കാരും കോവിഡ് പ്രതിരോധ കിറ്റ് ധരിച്ചാണ് പുറപ്പെടുന്നത്. ഈ മാസം 25-നകം കോവിഡ് ടെസ്റ്റ് വിഷയത്തില്‍ പരിഹാരമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കുമെന്നാണ് പ്രവാസികൾ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.
കോവിഡ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തോടെ ആശങ്കയിലായിരുന്നു സൗദിയിലെ മലയാളികളിൽ പലരും മുപ്പതിനായിരം രൂപ വരെ കൊടുത്ത് ടെസ്റ്റ് നടത്തി. ചിലര്‍ സ്വകാര്യമായി റാപ്പിഡ് ഫലങ്ങളും ഉണ്ടാക്കി. സൗദി മന്ത്രാലയ അനുമതിയില്ലാത്ത ടെസ്റ്റ് രീതിയിലേക്കടക്കം പ്രവാസികള്‍ രഹസ്യമായി നീങ്ങിയത് യാത്ര നഷ്ടമാകുമെന്ന ഭീതി ഒന്നുകൊണ്ടു മാത്രമാണ്. ഇതിനിടയിലാണ് ഉത്തരവ് നടപ്പാക്കുന്നത് 25 വരെ നീട്ടി വെച്ചത്. ശനിയാഴ്ച മുതല്‍ ഇതോടെ പത്തിലേറെ ചാര്‍ട്ടേഡ് വിമാനങ്ങളും ഒരു വന്ദേഭാരത് വിമാനവും നാട്ടിലെത്തും. നിലവില്‍ കോവിഡ് പകരാതിരിക്കാന്‍ നഴ്സുമാര്‍ ധരിക്കുന്ന ആവരണവും മാസ്കും ഗ്ലൌസും ഫെയ്സ് ഷീല്‍ഡും ധരിച്ചാണ് ഓരോ യാത്രക്കാരനും ഗള്‍ഫില്‍ നിന്ന് പുറപ്പെടുക. ഇതു തന്നെ കോവിഡ് പടരാതിരിക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ പിന്തുണയോടെ മാത്രമേ സംസ്ഥാനത്തിന് സൗദിയിൽ ടെസ്റ്റ് നടത്താൻ സാധ്യമാകൂ. ഈ മാസം 25നകം പരിഹാരമായില്ലെങ്കിലും തല്‍സ്ഥിതി തുടരേണ്ടി വരും.
Post Your Comments