കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, സൗദി പ്രവാസി മലയാളികളെ ഒന്നടങ്കം വെട്ടിലാക്കി.
GulfNewsKeralaNational

കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, സൗദി പ്രവാസി മലയാളികളെ ഒന്നടങ്കം വെട്ടിലാക്കി.

സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നതിന് കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി ചാര്‍ട്ടേഡ് വിമാനങ്ങളിൽ ജന്മനാട്ടിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസി മലയാളികളെ ഒന്നടങ്കം വെട്ടിലാക്കി. കേരള സർക്കാരിന്റെ ആവശ്യ പ്രകാരം എംബസി ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിർദേശം തിങ്കളാഴ്ച നൽകി. സൗദിയില്‍ നിന്നും 48 മണിക്കൂറിനകം ഫലം ലഭിക്കാതെ വരുന്നവർക്കും, സ്വകാര്യ മേഖലയിലെ കോവിഡ് ടെസ്റ്റിനുള്ള വന്‍തുക നല്കാൻ കഴിവില്ലാത്തവർക്കും, ചാര്‍ട്ടേഡ് വിമാനങ്ങളിൽ ജന്മനാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സ്ഥിതിയായി.
സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിപ്പ് നൽകി. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതെന്നും, പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്നും, എംബസിയുടെ അറിയിപ്പിൽ പറയുന്നു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതേസമയം, വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നുണ്ട്.
സൗദിയില്‍ നിന്നും ഇരുപതോളം ചാര്‍ട്ടേഡ് വിമാനങ്ങളാണ് അടുത്തയാഴ്ച പുറപ്പെടാനിരുന്നത്. ഇതിനിടെയാണ്,കേരളത്തിന്‍റെ പുതിയ നിബന്ധന പാലിക്കാന്‍ എംബസി ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് ടെസ്റ്റ് എങ്ങനെ നടത്തണമെന്ന കാര്യം എംബസിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ വരുന്ന രണ്ടാഴ്ചത്തേക്ക് സൗദിയിലെ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റിനുള്ള അപ്പോയിന്‍റ്മെന്‍റ് നല്‍കിക്കഴിഞ്ഞു. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് കോവിഡ് ടെസ്റ്റും സൗദിയിൽ നടത്തില്ല. റാപ്പിഡ് ടെസ്റ്റും ആന്‍റിബോഡി പരിശോധനയും പ്രോത്സാഹിപ്പിക്കാത്ത സൗദിയില്‍ പിസിആര്‍ ടെസ്റ്റ് മാത്രമാണ് ലഭ്യമാവുക. ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിന് മുപ്പതിനായിരം രൂപ മുതല്‍ മുകളിലേക്കാണ് ചിലവ് വരുന്നത്. വിമാനടിക്കറ്റും കോവിഡ് ടെസ്റ്റുമടക്കം ഒരു ലക്ഷം രൂപ ഉള്ളവർക്കേ സർക്കാർ ഉത്തരവ് പ്രകാരം മടങ്ങാനാവൂ. ഇത് സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. മാത്രമല്ല, മൂന്ന് ദിവസം മുതല്‍ ഒരാഴ്ചവരെയെടുക്കും സൗദിയില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം ലഭിക്കാന്‍ എന്നതും പ്രവാസികളെ കഷ്ടത്തിലാക്കും. ബഹുഭൂരിപക്ഷം ചാർട്ടർ വിമാനങ്ങളിലും, യാത്ര മുടങ്ങിയാൽ ടിക്കട്റ്റ്
ബുക്ക് ചെയ്ത ക്യാഷ് തിരികെ നൽകില്ല എന്ന നിബന്ധനയിലാണ് ബുക്കിങ് നൽകിയിട്ടുള്ളത്. പുതിയ ഉത്തരവോടെ പണം വാങ്ങിയ ട്രാവല്‍സുകളും സന്നദ്ധ സംഘടനകളും, തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്.

Related Articles

Post Your Comments

Back to top button