സുശാന്ത് സിംഗിന്റെ സഹോദരിമാര്‍ക്കെതിരെ പരാതി നല്‍കിയത് റിയ ചക്രബര്‍ത്തി,എഫ്.ഐ.ആര് റദ്ദാക്കി

മുംബൈ: അടുത്തകാലത്ത് അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാര്‍ക്കെതിരെ സുശാന്തിന്റെ സുഹൃത്ത് റിയ ചക്രബര്‍ത്തി നല്കിയ പരാതിയില്‍ എടുത്ത കേസ് ബോംബെ ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. സുശാന്തിന്റെ സഹോദരിമാരില്‍ മീട്ടു സിംഗിനെതിരായ എഫ്.ഐ.ആര് റദ്ദാക്കിയ കോടതി, മറ്റൊരു സഹോദരി പ്രിയങ്ക സിംഗിനെതിരായ കേസ് നിലനില്‍ക്കുമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് എസ്.എസ് ഷിന്‍ഡെ, എം.എസ് കര്‍ണിക് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
പ്രിയ്ക സിംഗിനെതിരായ കേസ് പ്രഥമ ദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്നും അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുശാന്തിന്റെ പേരില്‍ വ്യാജ മെഡിക്കല്‍ കുറിപ്പ് തയ്യാറാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് റിയ ചക്രബര്‍ത്തി പ്രിയങ്ക, മീട്ടു, ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ തരുണ്‍ കുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.
സുശാന്തിന്റെ പേരില്‍ ചില മരുന്നുകള്‍ നിയമവിരുദ്ധമായി കുറിച്ചതിനു അഞ്ചു ദിവസം കഴിഞ്ഞാണ് മരണം സംഭവിക്കുന്നതെന്നു കാണിച്ചാണ് റിയ 2020 സെപ്തംബര്‍ 7ന് പരാതി നല്‍കിയത്. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടറാണ് തരുണ്‍ കുമാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ശിക്ഷാനിയമം, നര്‍ക്കോട്ടിക് ഡ്രഗ് ആന്റ് സൈക്കോഡ്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം ബാന്ദ്ര പോലീസ് കേസെടുത്തത്.