സ്പ്രിൻക്ലർ വഴി കേരളത്തിൽ വിവര ചോർച്ച നടന്നു, അന്വേഷണ സമിതിയെയും, ജനത്തെയും സർക്കാർ പൊട്ടന്മാരാക്കി.
NewsKeralaNationalLocal News

സ്പ്രിൻക്ലർ വഴി കേരളത്തിൽ വിവര ചോർച്ച നടന്നു, അന്വേഷണ സമിതിയെയും, ജനത്തെയും സർക്കാർ പൊട്ടന്മാരാക്കി.

തിരുവനന്തപുരം/ കോവിഡ് വിവരവിശകലനത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലർ വഴി കേരളത്തിൽ വിവര ചോർച്ച നടന്നു. കേരളത്തിലെ 1.82 ലക്ഷം പേരുടെ വിവരങ്ങൾ 2020 ഏപ്രിൽ ആദ്യ വാരം വരെ സ്പ്രിൻക്ലർ കൈക്കലാക്കി. ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്ക് സ്പ്രിൻക്ലർ വിവരം കൈമാറിയത് കേന്ദ്ര ഐടി വകുപ്പിനു കീഴിലെ എസ്ടിക്യുസി (സ്റ്റാൻഡേഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ) നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സ്പ്രിൻക്ലർ ഇടപാട് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായ് എന്നിവരടങ്ങുന്ന സമിതി സ്പ്രിൻക്ലറിലേക്കു വിവരങ്ങൾ എത്തിത്തുടങ്ങിയ 2020 മാർച്ച് 25 മുതലുള്ള സെർവർ വിവരങ്ങൾ സൈബർ സുരക്ഷാ പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും സി–ഡിറ്റ് നൽകിയത് ഏപ്രിൽ 3 മുതൽ 19 വരെയുള്ള പരിമിതമായ വിവരങ്ങൾ മാത്രമായിരുന്നു. സ്പ്രിൻക്ലർ ഇടപാട് വിവാദമായതോടെ പ്രതിപക്ഷം ഉന്നയിച്ച വിവര ചോർച്ച ആരോപണം സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ വിദഗ്ധർ അടങ്ങിയ അന്വേഷണ സമിതിക്ക് നൽകാതെ സർക്കാർ മറച്ചു വെക്കുകയായിരുന്നു.

ചില സ്വകാര്യ ഐപി വിലാസങ്ങളിലേക്കു വിവരം കൈമാറിയത് കേന്ദ്ര ഐടി വകുപ്പിനു കീഴിലെ സ്റ്റാൻഡേഡൈസേഷൻ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെങ്കിലും സി–ഡിറ്റ് നൽകിയ വിവരങ്ങൾ പരിമിതമായതിനാൽ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചില്ലെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പോലും പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് തന്നെ സ്വകാര്യത, രഹസ്യാത്മകത, വിവരസുരക്ഷ എന്നീ വിഷയങ്ങളിൽ നിഗമനങ്ങളിലെത്താൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് എഴുതിയ സമിതി, 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രിൽ ആദ്യ ആഴ്ച വരെ സ്പ്രിൻക്ലറിന്റെ അക്കൗണ്ടിലെത്തിയതെന്നും പറഞ്ഞിട്ടുണ്ട്.

ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനോ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസോ അറിയാതെയാണ്
സ്പ്രിൻക്ലർ കരാർ ഉണ്ടാക്കിയാതെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിനെയും ഇക്കാര്യങ്ങൾ അറിയിച്ചിരുന്നില്ല. സ്പ്രിൻക്ലർ കമ്പനി ഉണ്ടാക്കിയ കരാർരേഖ ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കിയതിലൂടെ പൊതുജനങ്ങളുടെ വിവരങ്ങൾക്കുമേൽ കമ്പനിക്കു സമ്പൂ‍ർണ അവകാശം നൽകുന്ന സ്ഥിതിയാണ് ഉണ്ടായത്. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നേരിട്ട് ചുമതലയുള്ള ഐ ടി വകുപ്പിൽ നടന്ന നിഗൂഢ ഇടപാടിന് പിന്നിൽ എം ശിവശങ്കർ ആയിരുന്നെന്നു പറഞ്ഞു കയ്യൊഴിയാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്.

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, കോവിഡ് പ്രതിരോധ കാര്യങ്ങൾ ആരോഗ്യ വകുപ്പിനു കീഴിലാണെന്നും ഐടി വകുപ്പ് സഹായി മാത്രമായിരിക്കണമെന്നും ഫയലിൽ എഴുതിയിരു ന്നിട്ടും, സ്പ്രിൻക്ലർ സംബന്ധിച്ച് ആരോഗ്യ വകുപ്പുമായി പേരിനൊരു ചർച്ച പോലും നടത്തിയിരുന്നില്ല. സ്പ്രിൻക്ലറുമായി ചർച്ച നടത്തിയത് ഐടി വകുപ്പ് ഉന്നതരുടെ അനൗദ്യോഗിക സംഘമായിരുന്നു. അതിന്റെ തലയും വലുമൊക്കെ സർക്കാർ ഭാഷയിൽ പറഞ്ഞാൽ ശിവശങ്കർ മാത്രമായിരുന്നു. അന്വേഷണം നടത്തിയ വിദഗ്ധ സമിതി പല തവണ ആവശ്യപ്പെട്ടിട്ടും ഒരു യോഗത്തിന്റെ പോലും മിനിറ്റ്സ് വിദഗ്ധസമിതിക്ക് നൽകാതെ,സ്പ്രിൻക്ലർ കാര്യത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് ആവശ്യമായ വിവരങ്ങൾ നൽകാതെ സമിതിയെയും, ജനങ്ങളെയും സർക്കാർ പൊട്ടന്മാരാക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button