

ഇന്ത്യൻ ടെലികോം മാർക്കറ്റിൽ പ്രവേശിക്കുന്നതിന്റെ തുടക്കമെന്നോണം വൊഡാഫോൺ-ഐഡിയ കമ്പനിയിൽ ഗൂഗിൾ വൻ നിക്ഷേപം നടത്തും. ഇതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുകയാണ്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ ഫേസ്ബുക് നടത്തിയ വൻ നിക്ഷേപത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ ഇന്റർനെറ്റ് കമ്പനി ഇന്ത്യയിൽ വലിയ നിക്ഷേപത്തിന് തയ്യാറവുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടെലികോം കമ്പനികളിൽ വൻ വിദേശ നിക്ഷേപമാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

വൊഡാഫോൺ-ഐഡിയ കമ്പനിയുടെ 5 ശതമാനം ഓഹരികൾ വാങ്ങുന്നതിനാണ് ഗൂഗിൾ ശ്രമിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിൽ ഇരിക്കുന്ന വൊഡാഫോൺ-ഐഡിയ കമ്പനിക്ക് ഗൂഗിൾ നിക്ഷേപം വലിയ അനുഗ്രഹമാകും. ഗൂഗിളിനാകട്ടെ, ലോകത്തു ഏറ്റവും കൂടുതൽ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരുള്ള രാജ്യമായ ഇന്ത്യയിൽ വലിയ ബിസിനസ്സ് താല്പര്യങ്ങളുണ്ട്. മൊബൈൽ വഴിയുള്ള ബിസിനസ്സ് സംരംഭകൾക്ക് ഇന്ത്യൻ മാർക്കറ്റ് തങ്ങൾക്ക് അനുകൂലമാണെന്ന് ഗൂഗിലൈന് അറിയാം. മൊബൈൽ ബാങ്കിങ്, വൈഫൈ, ഇ കോമേഴ്‌സ് ,ഇ-മാധ്യമങ്ങൾ, ഡിജിറ്റൽ പേയ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യൻ മാർക്കറ്റ് ഗൂഗിളിന് വലിയ സാദ്ധ്യതകൾ തുറന്നു കാട്ടുന്നു.
ഗൂഗിൾ ഈയിടെ തുടങ്ങിയ ഗൂഗിൾ പേ ഇന്ത്യയിൽ വൻ വിജയമായിരുന്നു. അടുത്ത10 വർഷത്തേക്കെങ്കിലും ലോകത്തെ ഇന്റർനെറ്റ് വിപണി ഇന്ത്യ തന്നെയാകുമെന്ന കണക്കുകൂട്ടലിലാണ് ഗൂഗിൾ. ഈ സാഹചര്യം മുൻനിർത്തിയാണ് വൊഡാഫോൺ-ഐഡിയ കമ്പനിയുടെ ഓഹരികൾ വാങ്ങാൻ ഗൂഗിൾ തയ്യാറാവുന്നത്. യു.കെ ആസ്‌ഥാനമായുള്ള വൊഡാഫോണും, കുമാർ മംഗളം ബിർളയുടെ ഐഡിയ സെല്ലുലാറും, ലയിച്ചു ഒറ്റ കമ്പനിയായ ശേഷം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് വരുകയാണ്. ഏതാണ്ട് 18 ബില്യൺ ഡോളറിന്റെ കടമാണ് നിലവിൽ വൊഡാഫോൺ-ഐഡിയ കമ്പനിക്കുള്ളത്. ഇതിൽ 4 ബില്യൺ ഡോളർ അടിയന്തരമായി ലൈസെൻസ് ഫീസായി അടക്കണമെന്ന് സുപ്രീകോടതി ഉത്തരവിട്ടിരുന്നു. നഷ്ടം കുമിഞ്ഞു കൂടുന്നതിനിടയിൽ ഗൂഗിൾ രക്ഷക്കെത്തുന്നതോടെ ഇന്ത്യൻടെലികോം – മൊബൈൽ മാർക്കറ്റിൽ വലിയ മത്സരങ്ങൾക്ക് വേദിയൊരുങ്ങുകയാണ്.
Post Your Comments