ചെലവ് ചുരുക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട്, കെ.എസ്.ആർ.ടി.സിയെ വിഭജിക്കണം. ലീവ് വേക്കൻസി നിർത്തലാക്കാം.
NewsKeralaEducation

ചെലവ് ചുരുക്കാൻ വിദഗ്ധ സമിതി റിപ്പോർട്ട്, കെ.എസ്.ആർ.ടി.സിയെ വിഭജിക്കണം. ലീവ് വേക്കൻസി നിർത്തലാക്കാം.

ചെലവ് ചുരുക്കുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളിൽ ലീവ് വേക്കൻസി സമ്പ്രദായം നിർത്തണം എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളുമായി വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സ്കൂളുകളിൽ തുടർന്ന് അധ്യാപക നിയമങ്ങൾ കുറയ്ക്കണമെന്നും, കുട്ടികൾ കുറവുള്ള സ്കൂളുകൾ ലയിപ്പിക്കണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പറയുന്നു. കെ.എസ്.ആർ.ടി.സിയെ മൂന്നു സോണുകളാക്കി തരംതിരിക്കണമെന്നും റിപ്പോർ‌ട്ടിൽ നിർദ്ദേശമുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.

ഒരു അധ്യാപകനോ അധ്യാപികയോ അവധിയെടുത്തശേഷം വേണ്ടപ്പെട്ടവരെ താത്കാലികമായി നിയമിച്ച് പിന്നീട് സ്ഥിരപ്പെടുത്തുന്ന ലീവ് വേക്കൻസി സമ്പ്രദായം നിർത്തലാക്കാം. എയ്ഡഡ് സ്കൂളുകളിൽ പുതിയ നിയമനത്തിനുമുമ്പ് സംരക്ഷിത അധ്യാപകരെ നിയമിക്കണം. ഇവർക്ക് മറ്റു ജോലികൾക്ക് അപേക്ഷിക്കാൻ പ്രായപരിധിയിൽ ഇളവുനൽകുന്നതും പരിഗണിക്കാം. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ സമന്വയ സോഫ്റ്റ്‌വേറിൽ 24,200 അധ്യാപകരുടെ നിയമനാംഗീകാരത്തിനുള്ള അപേക്ഷകളെത്തി. 8840 തസ്തികകൾ അംഗീകരിക്കപ്പെട്ടു.
സ്‌കൂളുകളിൽ അവയുടെ ശേഷിക്കും അടിസ്ഥാന സൗകര്യത്തിനും അനുസരിച്ച് വിദ്യാർഥികളെ പ്രവേശിപ്പിക്കണം. പിന്നിട്ട മൂന്നുവർഷം ഓരോ സ്റ്റാൻഡേഡിലും പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥികളുടെ ശരാശരി എണ്ണമായിരിക്കണം പരിധി. അനാവശ്യമായി പുതിയ ഡിവിഷനുകൾ ഉണ്ടാക്കുന്നതും അതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതും ഇങ്ങനെ തടയാനാവും.
മൂന്നുമുതൽ അഞ്ചുവരെ കിലോമീറ്റർ പരിധിയിലുള്ള, ആവശ്യത്തിനു കുട്ടികളില്ലാത്ത സ്കൂളുകൾ ലയിപ്പിക്കണം. അടിസ്ഥാനസൗകര്യം കൂടുതലുള്ള സ്കൂളിലേക്കാണ് മറ്റ് സ്കൂളുകളെ ലയിപ്പിക്കേണ്ടത്. മറ്റ് സ്കൂളുകളുടെ കെട്ടിടങ്ങളും സ്ഥലവും പൊതുവികസനാവശ്യത്തിന് ഉപയോഗിക്കണം. സ്കൂളുകളിലെ ദിവസവേതനക്കാർക്ക് അവധിക്കാല ശമ്പളം നൽകേണ്ട. ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരമുണ്ടെങ്കിലേ എയ്ഡഡ്, സർക്കാർ കോളേജുകളിൽ പുതിയ തസ്തികകൾ പാടുള്ളൂ. പി.ജി. ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് മണിക്കൂറുകളിൽ ഇളവുകളോടെ പ്രത്യേക വെയിറ്റേജ് നൽകേണ്ടതില്ല. ഓൺലൈൻ പഠനത്തിന് 30 ശതമാനം മാർക്ക് ഏർപ്പെടുത്തണം. ഇത് ഭാവിയിൽ ചെലവുകുറയ്ക്കാൻ സഹായിക്കും.സർവകലാശാലകളിൽ കംപ്യൂട്ടർ വൽക്കരിക്കുന്നതിനു മുമ്പാണ് ഇപ്പോഴത്തെ സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ചത്. ഇത് പുനഃപരിശോധിക്കണം. അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കണം.

കെ.എസ്.ആർ.ടി.സിയെ വിഭജിക്കണം. സുശീൽഖന്ന റിപ്പോർട്ടിലെ ശുപാർശകളനുസരിച്ച് കെ എസ് ആർ ടി സി ഉടൻ പുനഃസംഘടിപ്പിക്കണം. കെ.എസ്.ആർ.ടി.സി.യെ ഉടൻ മൂന്നുമേഖലകളായി തിരിക്കണം. ഓരോന്നിന്റെയും ചുമതല ജനറൽ മാനേജർക്കു നൽകണം. ഡയറക്ടർ ബോർഡ് വിദഗ്ധരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണം. താത്കാലിക തസ്തികകളും തത്കാലം ആവശ്യമില്ല. താത്കാലിക തസ്തികകൾ ഇപ്പോൾ സൃഷ്ടിക്കരുത്. ഇപ്പോഴുള്ള താത്കാലിക തസ്തികകൾ ക്രമവത്കരിക്കുകയോ സ്ഥിരപ്പെടുത്തുകയോ വേണം. വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഒരുവർഷത്തിലേറെ ഒഴിഞ്ഞുകിടക്കുന്നതും അനാവശ്യമായതുമായ തസ്തികകൾ നിർത്തണം. 20 വർഷംവരെ ശമ്പളമില്ലാത്ത അവധിയെടുത്ത് സ്കൂൾ, കോളേജ് അധ്യാപകർ എൻട്രൻസ് പരിശീലനവും സ്വകാര്യ ട്യൂഷനുംവരെ നടത്തുന്നു. വിദേശത്തു പഠിക്കാനോ ദമ്പതിമാർക്ക് ഒരുമിച്ച് താമസിക്കാനോ വെറും അഞ്ചുവർഷംമാത്രം ശമ്പളമില്ലാ അവധി അനുവദിക്കണം. സാങ്കേതിക വകുപ്പുകളിൽ ക്ലാർക്കുമാരെ കുത്തിനിറയ്ക്കുന്നത് അവസാനിപ്പിക്കണം. പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ എൻജിനിയർമാർക്കുതന്നെ മിക്കവാറും ചുമതലകൾ നിർവഹിക്കാം. ബില്ലുകൾ തയ്യാറാക്കാൻ എൻജിനിയർമാർ പ്രൈസ് സോഫ്റ്റ്‌വേർ ഉപയോഗിക്കണം. അന്വേഷണക്കമ്മിഷനുകൾ അവസാനിപ്പിക്കണം. രണ്ടുവർഷത്തി ലധികമായി പ്രവർത്തിക്കുന്ന അന്വേഷണക്ക മ്മിഷനുകളോട് രണ്ടുമാസത്തിനകം റിപ്പോർട്ടു നൽകാൻ ആവശ്യപ്പെടണം.

വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ കേന്ദ്ര മാനദണ്ഡം അനുസരിച്ച് മാത്രംമതി. പഴക്കംചെന്ന വാഹനങ്ങളും ഫർണിച്ചറും സുതാര്യ നടപടിക്രമങ്ങളിലൂടെ വിറ്റ് സർക്കാരിന് മുതൽക്കൂട്ടണം.സദാ ഉപയോഗത്തിലില്ലാത്ത സർക്കാർ കെട്ടിടങ്ങളും വാഹനങ്ങളും വാടകയ്ക്കുനൽകി വരുമാനമുണ്ടാക്കണം .ഒരേസ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ (ഉദാഹരണത്തിന് മലബാർ സിമന്റ്‌സ്, ട്രാവൻകൂർ സിമന്റ്‌സ്, സിഡ്‌കോ, കാഡ്‌കോ മുതലായവ) ഒരുമിച്ചാക്കുന്നത് പരിഗണിക്കണം.

Related Articles

Post Your Comments

Back to top button