

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ചൈന തടവിലാക്കിയ 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി ദ് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്‍തു. വ്യാഴാഴ്‍ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇവരെ വിട്ടയച്ചത്.ഒരു ലഫ്റ്റനന്‍റ് കേണലും മൂന്ന് മേജര്‍മാരും അടക്കം 10 സൈനികരെയാണ് ഗാല്‍വന്‍ താഴ്‍വരയില്‍ നിന്ന് ചൈനീസ് സൈന്യം പിടികൂടിയത്. അതേസമയം, ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കർ വ്യാഴാഴ്ച പറഞ്ഞിരുന്നത്.
10 ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ പിടിയിലായെന്ന വാര്‍ത്ത കരസേന നിഷേധിച്ചിരുന്നു. ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‍തവയും വ്യക്തമാക്കുകയുണ്ടായി.
ഗാല്‍വന്‍ താഴ്‍വരയില്‍ ചൈനയുടെ ആക്രമണത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ ലേയിലുള്ള സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഗാല്‍വനിലെ പട്രോള്‍ പോയിന്‍റ് നാലില്‍ തിങ്കളാഴ്‍ചയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ, അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്തം ചൈനയ്‍ക്കാണെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ചൈനീസ് സൈന്യം കടന്നുകയറ്റം അവസാനിപ്പിക്കാതെ ഇന്ത്യ സൈനിക സന്നാഹം പിന്‍വലിക്കില്ലെന്നു ഇന്ത്യ തീർത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments