

ജേഷ്ടൻ മന്ത്രിയായിരിക്കെ അനുജൻ ദേവസ്വത്തിൽ കൈയ്യിട്ടു വാരി. മുൻ മന്ത്രി ദേവസ്വം മന്ത്രി ശിവകുമാറിന്റെ സഹോദരൻ വി.എസ് ജയകുമാർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ വമ്പൻ അഴിമതി നടത്തിയെന്ന് അന്വേഷണ റിപ്പോർട്ടിലാണ് പറയുന്നത്. ജയകുമാറിനെതിരെ ഉയർന്ന എട്ട് പരാതികളിൽ ഏഴിലും ഗുരുതര ക്രമേക്കേട് നടന്നിട്ടുണ്ടെന്നാണ് മുൻ വിജിലൻസ് ട്രൈബ്യൂണൽ ചെറുന്നിയൂർ പി ശശിധരൻ നായരുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ജേഷ്ഠൻ വിഎസ് ശിവകുമാർ ദേവസ്വം മന്ത്രിയായിരിക്കെ, 2014- 15 ൽ വി.എസ് ജയകുമാർ ശബരിമല ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറായി പ്രവർത്തിക്കുമ്പോൾ ആണ് അഴിമതി നടത്തിയിരിക്കുന്നത്. 2013 മുതൽ 15 വരെ രണ്ട് വർഷക്കാലം ശബരിമലയിൽ പാത്രങ്ങളും മറ്റും വാങ്ങിയതിൽ ഒരു കോടി എൺപത്തി ഏഴ് ലക്ഷത്തിന്റെ അഴിമതി നടത്തിയെന്നാണ് ജയകുമാറിനെതിരായ ആക്ഷേപം. ഇതിൽ ഒരു കോടി എൺപത്തി ഒന്ന് ലക്ഷം രൂപയുടെ അഴിമതി നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പാത്രങ്ങൾ കുന്നുകൂടി ഉപയോഗിക്കാതെ കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വീണ്ടും വീങ്ങിയതായി കാണിക്കുകയായിരുന്നു. ഇതിനായി കളള ബില്ലുകൾ ഹാജരാക്കി. ഇതിലൂടെ തിരുവിതാംകൂർ ബോർഡിന് ഭീമമായ നഷ്ടമുണ്ടാക്കി. ഓഡിറ്റ് നടക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട രേഖകൾ മറച്ചുവച്ചു. കരാറുകാർക്ക് പണം നൽകിയത് നടപടികൾ പാലിക്കാതെയായിരുന്നു.
2003-04 കാലത്ത് പമ്പയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുമ്പോൾ പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ടും ജയകുമാർ അഴിമതി നടത്തി. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ ഈ കുറ്റത്തിൽ നിന്നും ജയകുമാറിനെ ഒഴിവാക്കിയിട്ടുണ്ട്. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേൾക്കലിനും ശേഷം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനാണ് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ ബോർഡ് തുടർനടപടി സ്വീകരിക്കും. സാക്ഷികളായി ദേവസ്വം ബോർഡ് അംഗം കെ രാഘവനെയും ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷൻ സെക്രട്ടറി വാസുദേവൻ നമ്പൂതിരിയെയും ഏഴ് ഉദ്യോഗസ്ഥരെയും വിസ്തരിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കാതിരുന്ന ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ സുദർശനനെതിരെയും വിരമിച്ച ജോയിന്റ് ഡയറക്ടർ വേലപ്പൻനായർക്കെതിരെയും നടപടിയെടുക്കാനും മുൻ വിജിലൻസ് ട്രൈബ്യൂണൽ ചെറുന്നിയൂർ പി ശശിധരൻ നായരുടെ റിപ്പോർട്ടിൽ ശിപാർശ ചെയ്തിട്ടുണ്ട്.
Post Your Comments