തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
NewsKerala

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതു തെരഞ്ഞെടുപ്പിനുളള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തിമ വോട്ടർ പട്ടികയിൽ ആകെ 2,62,24,501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 1,25,40,302 പുരുഷൻമാരും, 1,36,84,019 സ്ത്രീകളുമാണുള്ളത്, 180 ട്രാൻസ്‌ജെൻഡേഴ്സ് മാരും പട്ടികയിലുണ്ട്.
പുതുതായി 14 ലക്ഷത്തിലധികം വോട്ടർമാരാണ് ഇത്തവണ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. 6,78,147 പുരുഷന്മാരും 8,01,328 സ്ത്രീകളും 66 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെയാണ് 14,79,541 വോട്ടർമാർ അന്തിമവോട്ടർപട്ടികയിലുള്ളത്. മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4,34,317 വോട്ടർമാരെ കരട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനുവരി 20 നു പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 2,51,58,230 വോട്ടർമാരാണ് ഉണ്ടായിരുന്നത്. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളും പരാതികളും പരിശോധിച്ചാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ 14 ജില്ലാ പഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ 6 മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ രണ്ട് അവസരങ്ങൾ കൂടി നൽകുന്നുണ്ട്.അതേസമയം, മലപ്പുറം ജില്ലയിലെ എടയൂർ, എടപ്പാൾ എന്നീ പഞ്ചായത്തുകൾ കൊവിഡ് പ്രോട്ടോകോൾമൂലം അടച്ചിട്ടിരിക്കുന്നതിനാൽ പഞ്ചായത്തുകൾ തുറക്കുന്ന മുറയ്ക്ക് വോട്ടർപട്ടിക പരിധോധനയ്ക്ക് ലഭ്യമാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കുന്നു.

Related Articles

Post Your Comments

Back to top button