തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ, ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി ജീവനൊടുക്കി.
NewsKeralaNational

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ആത്മഹത്യ, ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി ജീവനൊടുക്കി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ വീണ്ടും ആത്മഹത്യ. രോഗം ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവാവ് ആണ് ജീവനൊടുക്കിയത്. നെടുമങ്ങാട് ഹൗസിംഗ് ബോർഡ് കോളനിയിലെ മുരുകേശൻ (38) ആണ് ജീവനൊടുക്കിയത്. തമിഴിനാട്ടിൽ നിന്ന് തിരികെ എത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ പ്രകടമായതോടെ ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയത്. ബുധനാഴ്ച വൈകിട്ടോടെ വാര്‍ഡിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

നെടുമങ്ങാട് ആനാട് സ്വദേശിയായ ഉണ്ണി (33) ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആശുപത്രി മുറിയില്‍ തൂങ്ങി മരിച്ചിരുന്നു. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്നാണ് അധികൃതര്‍ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. വീട്ടില്‍ പോയ ശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇക്കാര്യത്തിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് നെടുമങ്ങാട് സ്വദേശിയായ മറ്റൊരു യുവാവ് കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്.

Related Articles

Post Your Comments

Back to top button