

സഹജീവികളോട് കരുണ കാണിക്കുന്നതിനെക്കുറിച്ച് പറയുക മാത്രമല്ല അവസാന യാത്രയിലും അത് പാലിച്ചു കൊണ്ടായിരുന്നു സച്ചിയുടെ മടക്കം. മരണശേഷം കണ്ണുകള്‍ ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് സച്ചി. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് കണ്ണുകള്‍ ദാനം ചെയ്‌തെന്ന വിവരവും പുറത്തുവന്നത്. വളരെ നേരത്തെയായിരുന്നു സച്ചിയുടെ യാത്ര. പകരം വെക്കാനില്ലാത്ത ആ പ്രതിഭ,
പറഞ്ഞുതീരാത്തത്ര കഥകളും തിരക്കഥകളും സ്വപ്‌നങ്ങളുമൊക്കെ അവശേഷിപ്പിച്ചാണ് സിനിമാപ്രേമികളെ ഒന്നടങ്കം വേദനയിലാഴ്ത്തി യാത്രയായത്. ചോക്ലേറ്റില്‍ തുടങ്ങിയ സിനിമാജീവിതം അയ്യപ്പനും കോശിയിലും, കൊണ്ടുചെന്നു അവസാനിച്ചിരിക്കുന്നു. തിരക്കഥാകൃത്തായി തുടങ്ങി ആഗ്രഹം പോലെ സംവിധാനത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യ സംവിധാന സംരംഭമായ അനാര്‍ക്കലിയും രണ്ടാമത്തെ സിനിമയായ അയ്യപ്പനും കോശിയും വൻവിജയം സ്വന്തമാക്കി.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സച്ചി മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറികഴിഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ചത്. കൊമേഴ്‌സില്‍ ബിരുദവും ലോ കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി 8 വര്‍ഷത്തിലേറെ വക്കീലായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ് സച്ചി സിനിമയിലേക്ക് കടന്നുവരുന്നത്. ചോക്ലേറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് സച്ചി-സേതു ഹിറ്റ് കോംപോക്ക് തിരികൊളുത്തപ്പെടുന്നത്.
ആദ്യ സിനിമ തന്നെ വന്‍വിജയമായി മാറിയതോടെ സച്ചി-സേതു ടീമിന്റെ വിളിക്കായി കാത്തിരിക്കുകയായിരുന്നു താരങ്ങളും സംവിധായകരും. ഡബിള്‍സ് മാത്രമായിരുന്നു കൂട്ടത്തിൽ പരാജയം നുണഞ്ഞത്. തുടർന്ന് ആ കൂട്ടുകെട്ട് പിരിഞ്ഞു. റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസന്‍സ് ഈ സിനിമകള്‍ക്കെല്ലാം തിരക്കഥ ഒരുക്കിയത് സച്ചിയായിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള പുതിയ സിനിമയെന്ന മോഹം ബാക്കി നിൽക്കെയായിരുന്നു വിയോഗം. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകവും പ്രേക്ഷകരും കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാവിലെ കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹം 9.30 മുതൽ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് തമ്മനത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. 4.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.
Post Your Comments