പള്ളികള്‍ ഇപ്പോൾ തുറക്കേണ്ടെന്നു എറണാകുളം അങ്കമാലി അതിരൂപതയും,
NewsKerala

പള്ളികള്‍ ഇപ്പോൾ തുറക്കേണ്ടെന്നു എറണാകുളം അങ്കമാലി അതിരൂപതയും,

ജൂൺ 30 വരെ പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടെന്നു എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു. അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും അഭിപ്രായം പരിഗണിച്ചാണ് പള്ളികള്‍ ഉടൻ തുറക്കേണ്ടെന്ന തീരുമാനം അതിരൂപത എടുക്കുന്നത്. പള്ളികള്‍ തുറക്കുന്നത് സമൂഹവ്യാപനത്തിന് ഇടയാക്കിയേക്കുമെന്നു കാണിച്ച് ഒരു വിഭാഗം വിശ്വാസികള്‍ നല്‍കിയ കത്തിനു പിന്നാലെയാണ് പള്ളികള്‍ ഉടൻ തുറക്കേണ്ടെന്ന തീരുമാനം അതിരൂപത കൈക്കൊണ്ടത്.

കേന്ദ്രമാര്‍ഗനിര്‍ദേശ പ്രകാരം ജൂൺ എട്ട് മുതലാണ് ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി. എന്നാൽ കേരളത്തിൽ ഭൂരിഭാഗം ക്രിസ്ത്യൻ പള്ളികളും തുറന്നേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള രണ്ട് പള്ളികള്‍ വിശ്വാസികളുടെ അഭിപ്രായം പരിഗണിച്ച് തുറക്കുന്നത് നീട്ടിവെച്ചിരുന്നു. കടവന്ത്ര സെൻ്റ് ജോസഫ് പള്ളിയും മറ്റൂര്‍ സെൻ്റ് ആൻ്റണീസ് പള്ളിയുമാണ് തുറക്കുന്നത് നീട്ടിയത്. ലത്തീൻ സഭയുടെ ഭാഗമായ വരാപ്പുഴ അതിരൂപതയിലെ വൈദികരും പള്ളികള്‍ തുറക്കുന്നത് രണ്ടാഴ്ചയെങ്കിലും നീട്ടണമെന്ന നിലപാടിലാണ്. ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം അതതു ഇടവകകളിലെ ഇടവക വികാരിമാര്‍ക്ക് തീരുമാനിക്കാമെന്നാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞിട്ടുള്ളത്. പള്ളികള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തിരുവനന്തപുരം ലത്തീൻ അതിരൂപത പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നാണ് നിര്‍ദേശം.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ എന്ന് സഭ വ്യക്തമാക്കി.  ഇപ്പോഴത്തെ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിച്ചു.

ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചിന്റെ നേതൃത്വത്തിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. സർക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണക്കാനാണ് തീരുമാനം. ഓൺലൈൻ വഴിയുള്ള ആരാധന തുടരുമെന്നും അവർ വ്യക്തമാക്കി.

 പ്രാർത്ഥനകൾ തുടങ്ങാനാണ് കത്തോലിക സഭ താമരശേരി രൂപതയുടെ തീരുമാനം. ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇത് സംബന്ധിച്ച് നിർദ്ദേശം സർക്കുലർ വഴി പുറത്തിറക്കി. ഇത് പ്രകാരം പൊതുയോഗങ്ങളും കുടുംബ കൂട്ടായ്മകളും തിരുനാളുകളും നടത്തരുത്.കുർബാനകളുടെ എണ്ണം കൂട്ടുന്ന കാര്യം അതത് ഇടവകകൾക്ക് തീരുമാനിക്കാം. ഒരു കുർബാനയ്ക്ക് 100 പേരിൽ കൂടുതൽ പേർ പള്ളികളിൽ പ്രവേശിക്കരുത്. പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ പള്ളിയിൽ വരരുത്. ദിവസവും ദേവാലയത്തിൽ വരുന്നവരുടെ പേരു വിവരങ്ങൾ എഴുതി സൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കളടക്കം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമാര്‍ഗനിര്‍ദേശം അനുസരിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകുന്നത്. സാമൂഹിക അകലം പാലിച്ച് വിവിധ ആരാധനാലയങ്ങള്‍ തുറക്കാൻ നോക്കുന്നതിനിടെ മതമേലധികാരികളും, വിശ്വാസികളും, ഇപ്പോൾ തുറക്കേണ്ടെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
എറണാകുളം ജില്ലയിലെ മുസ്ലീം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്നാണ് മുൻപ് മഹല്ല് കമ്മിറ്റി അറിയിച്ചിട്ടുള്ളത്. പ്രസിദ്ധമായ പാളയം ജുമാ മസ്ജിദ് ഉള്‍പ്പെടെയുള്ളവയും ഉടൻ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള പ്രായപരിധിയും നിയന്ത്രണങ്ങളും പാലിക്കുന്നതോടൊപ്പം ആളുകള്‍ കൂടാതിരിക്കാനായി വിവിധ യൂണിറ്റുകളിൽ നിന്നുള്ളവര്‍ക്ക് ഓരോ ദിവസവും ക്രമീകരിക്കുന്ന രീതിയും ചില പള്ളികളിൽ അവലംബിക്കുന്നുണ്ട്. നിശ്ചിത സമയത്ത് വാതിൽ അടയ്ക്കുമെന്നും അതിനു മുൻപായി എത്തണമെന്നുമാണ് നിര്‍ദേശം. കയറുന്നതിനു മുൻപായി പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് ആ ക്രമത്തിൽ തന്നെയാണ് ഇരിപ്പിടങ്ങളും ഉപയോഗിക്കേണ്ടത്. തെര്‍മൽ സ്കാനിങ് ഉള്‍പ്പെെടയുള്ള പരിശോധനകള്‍ക്കായി 30 മിനിട്ട് മുൻപു തന്നെ പള്ളിയിൽ എത്തണമെന്നും, തിരുക്കര്‍മങ്ങള്‍ക്കു ശേഷം പള്ളി വിട്ടു പോകണമെന്നുമാണ് വൈപ്പിൻ അശോകപുരം പള്ളി അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
സര്‍ക്കാര്‍ ഇളവുകള്‍ പ്രകാരം പള്ളികള്‍ തുറന്നു പ്രവര്‍ത്തിച്ചാലും കുര്‍ബാന സ്വീകരിക്കുന്നതടക്കം,സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത ചടങ്ങുകള്‍ പള്ളികള്‍ക്കുള്ളിൽ നടത്താൻ കഴിയില്ല. കൂടാതെ ആദ്യം വരുന്നവരെ മാത്രം പള്ളികളിൽ പ്രവേശിപ്പിക്കുക എന്നതും പ്രായമായവരെയും രോഗികളെയും പള്ളികളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്നുമുള്ള നിബന്ധനകള്‍ പാലിച്ചു കൊണ്ട് പള്ളികള്‍ തുറന്നു കൊടുക്കുന്നത് ദുഷ്കരമാണെന്നാണ് വൈദികരുടെ നിലപാട്. അതേസമയം, സാമൂഹിക അകലം ഉറപ്പാക്കാനും ആളുകളുടെ എണ്ണം കൂടാതിരിക്കാനും ചില പള്ളികള്‍ ഇടവകാംഗങ്ങള്‍ക്ക് മുൻകരുതൽ നിര്‍ദേശങ്ങള്‍ വാട്സാപ്പ് വഴിയും ഫേസ്ബുക്ക് പേജുകളിലൂടെയും നല്‍കുന്നുണ്ട്.

Related Articles

Post Your Comments

Back to top button