

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ഒ.പിയാണ് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അക്കാഡമിക് ബ്ലോക്കിലാണ് ഒ.പി സജ്ജമാക്കിയിരിക്കുന്നത്. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കോ സമ്പര്‍ക്ക സാധ്യത ഉള്ളവര്‍ക്കോ രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഇവരുടെ മേല്‍നോട്ട ചുമതലയുള്ളവര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമാണ് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പിയില്‍ പരിശോധനയ്ക്ക് എത്തുക. പരിശോധനക്ക് ശേഷം ഐസൊലേഷന്‍ ആവശ്യമുള്ളവരെ 108 ആംബുലന്‍സില്‍ മാങ്ങോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാനാണ് നിലവിലെ തീരുമാനമെന്ന് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ.എം.എസ് പത്മനാഭന്‍ അറിയിച്ചു. കൂടാതെ പ്രതിദിനം നൂറില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കാനുള്ള സംവിധാനവും സജ്ജമാണ്. ആദ്യദിനത്തില്‍ 26 സാമ്പിളുകളാണ് ശേഖരിച്ചത്.
കോവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായും ഗവ. മെഡിക്കല്‍ കോളേജ് വരുംദിവസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും.ഗുരുതരാവസ്ഥയില്‍ അല്ലാത്ത കോവിഡ് 19 രോഗബാധിതര്‍ക്കാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് എന്ന തരത്തില്‍ ചികിത്സ നല്‍കുക. ഒരേസമയം 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ ഗവ മെഡിക്കല്‍ കോളേജില്‍ തന്നെ സാമ്പിള്‍ പരിശോധന നടത്താനുള്ള ആര്‍ ടി പി സി ആര്‍ സംവിധാനവും ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഇതിന് ആവശ്യമായ മെഷീന്‍ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഐ സി എം ആറില്‍ നിന്ന് അനുമതി ലഭ്യമാകുന്നതോടെ ആര്‍ ടി പി സി ആര്‍ സംവിധാനം ഉപയോഗിച്ചുള്ള സാമ്പിള്‍ പരിശോധന ആരംഭിക്കുമെന്നും മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു.
Post Your Comments