പ്രളയസാധ്യത മുന്നിൽകണ്ട് ഡാമുകൾ ഇക്കൊല്ലം നേരത്തെ തുറക്കാൻ ജലകമ്മീഷൻ.
News

പ്രളയസാധ്യത മുന്നിൽകണ്ട് ഡാമുകൾ ഇക്കൊല്ലം നേരത്തെ തുറക്കാൻ ജലകമ്മീഷൻ.

പ്രളയസാധ്യത മുന്നിൽകണ്ട് സംസ്ഥാനത്തെ ഡാമുകൾ ഇക്കൊല്ലം നേരത്തെ തുറക്കാൻ കേന്ദ്ര ജലകമ്മീഷന്റെ നിർദേശം. കേരളത്തിലെ വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തി നിശ്ചയിക്കാനുമുള്ള ജലകമ്മീഷൻ ശുപാർശ വൈദ്യുതി ബോർഡ് നടപ്പിലാക്കും. വൈദ്യുതിബോർഡിന്റെ അധീനതയിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗർ, ഇടമലയാർ അണക്കെട്ടുകളിലെ ജലമാണ് താഴ്ത്തി നിശ്ചയിക്കുകയെന്ന് ഒരു ടെലിവിഷൻ ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തത്.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് വിവിധ തീയതികളിലായി വൈദ്യുതിവകുപ്പ് തയ്യാറാക്കിയ പട്ടിക നിലവിലുണ്ട്. എന്നാൽ ഇതിനേക്കാൾ താഴ്ന്ന നിരക്കാണ് ഇപ്പോൾ ജലകമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത്. മഴ പെയ്താലും ഇല്ലെങ്കിലും ഈ തോതിലായിരിക്കും ഇനിമുതൽ അണക്കെട്ടുകളിൽ ജലം ശേഖരിക്കേണ്ടത്. ജലകമ്മീഷൻ നിശ്ചയിച്ചതിനേക്കാൾ ജലനിരപ്പ് ഉയർന്നാൽ ഡാമുകൾ നേരത്തെ തുറന്നുവിടുകയോ, വൈദ്യുതി ഉൽപാദനംകൂട്ടി ജലനിരപ്പ് താഴ്ത്തുകയോ വേണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. 2018ൽ ഉണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് ജലസംഭരണം കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അന്ന് ഡാമുകൾ ഒരുമിച്ച് തുറന്നത് പ്രളയകെടുത്തി രൂക്ഷമാക്കിയ സാഹചര്യത്തിലാണിത്.

2018 ഓഗസ്റ്റ് ഒമ്പതിനാണ് ഇടുക്കി അണക്കെട്ട് തുറന്നത്. 26 വർഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നത് 2398.8 ആടി വെള്ളമുള്ളപ്പോഴായിരുന്നു. എന്നാൽ കേന്ദ്ര ജലകമ്മീഷന്‍റെ പുതിയ നിർദേശം അനുസരിച്ച് ഓഗസ്റ്റ് പത്തിന് 2383.53 അടി വരെ മാത്രമാണ് അനുവദനീയമായ ജലനിരപ്പ്. ഇതേപോലെ വിവിധ തീയതികളിൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ജലകമ്മീഷൻ താഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ്. പ്രളയനിയന്ത്രണത്തിന് മുൻഗണന നൽകുന്നതാണ് പുതിയ മാർഗരേഖയെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ് പിള്ള പറഞ്ഞിട്ടുണ്ട്.

Related Articles

Post Your Comments

Back to top button