പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു.
NewsGulfHealth

പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു.

വിദേശത്തു നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമെന്ന നിലപാടിൽ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍. യാത്രക്കാരുടെ സുരക്ഷ മുൻനിര്‍ത്തിയാണ് തീരുമാനമെന്നാണ് ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോടു പറഞ്ഞിരിക്കുന്നത്. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി പറയുന്നുണ്ട്.

കേന്ദ്രനിര്‍ദേശം കണക്കിലെടുത്താണ് ചാര്‍ട്ടേഡ് വിമാനങ്ങളിൽ എത്തുന്നവര്‍ക്ക് വിമാനത്തിൽ കയറുന്നതിനു മുൻപ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്. കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്നു തന്നെയാണ് സംസ്ഥാനത്തിൻ്റെ നിലപാട്. കൊവിഡ് ബാധിതര്‍ വിമാനത്തിലുണ്ടെങ്കിൽ മറ്റു യാത്രക്കാര്‍ക്കും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ വിദേശത്ത് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇപ്പോൾ ആരോഗ്യമന്ത്രി പറയുന്നത്.

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിയാൽ സമൂഹവ്യാപന സാധ്യതയുണ്ടെന്നും എന്നാൽ ഇന്നലെ വരെയുള്ള സംസ്ഥാനത്തെ കണക്കുകള്‍ ഭയപ്പെടുത്തുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം 11 ശതമാനത്തിൽ താഴെ പിടിച്ചു നിര്‍ത്താൻ കഴിഞ്ഞതായി പറഞ്ഞ ആരോഗ്യമന്ത്രി, കേരളത്തിലെ സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനെക്കാള്‍ ഫലപ്രദം ഹോം ക്വാറൻ്റൈനാണെന്നും, പറയുകയുണ്ടായി. പ്രവാസികള്‍ എത്തുന്നതിനു മുൻപ് ശുചിമുറിയോടു കൂടിയ പ്രത്യേക കിടപ്പുമുറിയുണ്ടോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉറപ്പു വരുത്തുന്നുണ്ട്. അല്ലാത്തവരെ നിരീക്ഷണകേന്ദ്രത്തിലേയ്ക്ക് മാറ്റും. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇത് പ്രായോഗികമാകുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറയുന്നു.
ഗള്‍ഫിൽ നിന്നുള്‍പ്പെടെ കേരളത്തിലേയ്ക്ക് ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്നതിനു മുൻപ് കൊവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് വിവാദമായിരുന്നു. ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് സർക്കാർ നിഷ്ക്കർഷിച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രവാസികളോട് കാട്ടുന്ന സമീപനങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. എല്ലാം നോർക്ക ചെയ്യുന്നു എന്ന അവകാശ വാദങ്ങൾ പ്രസ്താവനകളിൽ മാത്രം നിരത്തികൊണ്ടിരിക്കെയാണ്, പ്രവാസികൾക്കുള്ള ക്വാറൻ്റൈൻ നിർത്തലാക്കിയതായി സർക്കാർ അറിയിക്കുന്നത്. അത് വിവാദമായപ്പോൾ കഴിവുള്ളവൻ ചെലവ് വഹിച്ചാൽ മതിയെന്നാക്കി മലക്കം മറിയുകയായിരുന്നു. പാവപ്പെട്ടവർക്ക് ക്വാറൻ്റൈൻ സൗകര്യം സർക്കാർ നൽകുമെന്നും പറയുകയുണ്ടായി.
അതിനു പിറകെയാണ് വരുന്ന പ്രവാസികളിൽ രോഗ ലക്ഷണം ഇല്ലാത്തവർക്ക് വീടുകളിൽ പോകാമെന്നും, അവർക്ക് ഹോം ക്വാറൻ്റൈൻ മതിയെന്നും, പറയുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിൽ സർക്കാർ തീരുമാനമായി, കേരളത്തിലെ സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനെക്കാള്‍ ഫലപ്രദം ഹോം ക്വാറൻ്റൈനാണെന്നും ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നു. കഴിവുള്ള കാലത്ത് പ്രവാസിയുടെ പേരിൽ ഊറ്റം കൊള്ളൂകയും പ്രവാസിയാണ് കേരളത്തിന്റെ എല്ലാമെല്ലാമെന്നും പറഞ്ഞിരുന്ന സർക്കാർ അവരുടെ കഷ്ടകാല സമയത്ത് തീർത്തും, കഷ്ട്ടപ്പെടുത്തുകയാണെന്നു പറയാതിരിക്കാതെ വയ്യ. ക്വാറൻ്റൈൻ കൊടുക്കുന്നില്ല, അതിൽ നിന്നും അവരെ ഒഴിവാക്കാൻ തന്ത്രപൂർവം
ഹോം ക്വാറൻ്റൈനാണു നല്ലതെന്നു പറയുന്ന സർക്കാർ അതിനുള്ള കഴിവില്ലെന്ന് തുറന്നു പറയാൻ തയ്യാറാവുന്നില്ല. അന്യ സംസ്ഥാന തൊഴിലാളികളെ അതിഥികളെ പോലെ സൽക്കരിച്ച സംസ്ഥാന സർക്കാർ പ്രവാസി മലയാളികളോട് കാട്ടുന്ന നയം രണ്ടാതരം എന്ന് പറയേണ്ടി വരുന്നു.

Related Articles

Post Your Comments

Back to top button