പ്രവാസിയുടെ മടങ്ങിവരവ് എങ്ങനെ മുടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് ചെന്നിത്തല.
NewsKerala

പ്രവാസിയുടെ മടങ്ങിവരവ് എങ്ങനെ മുടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് ചെന്നിത്തല.

വിദേശത്ത് നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് എങ്ങനെ മുടക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രവാസികളെ മടക്കകാര്യത്തില്‍ കേന്ദ്ര- സ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച്‌ ചെന്നിത്തല വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും. ജില്ലാകേന്ദ്രങ്ങളില്‍ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തില്‍ സത്യഗ്രഹ സമരം നടക്കും. തിരുവനന്തപുരത്ത് വാർത്താസമ്മേളത്തിലാണ്
ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുകയേയുള്ളൂ. ഗള്‍ഫില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വിമാനങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരും ഒന്നിച്ചുവന്നാല്‍ രോഗവ്യാപനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍,​ വിമാനങ്ങളെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ട്രെയിനുകളില്‍ വരുന്നുണ്ട്. അവര്‍ ഒന്നിച്ചുവരുമ്പോൾ, രോഗ്യാവപനം ഉണ്ടാകില്ലെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. ചെന്നിത്തല ചോദിച്ചു.

വിമാനങ്ങളില്‍ എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുകയും ലക്ഷണങ്ങളുള്ളവരെ ചികിത്സിച്ച്‌ ഭേദപ്പെടുത്തുകയുമാണ് വേണ്ടത്. അല്ലാതെ അവരുടെ യാത്ര നിഷേധിക്കുകയാണ് ചെയ്യേണ്ടത്. പരിശോധനയ്ക്ക് ഗള്‍ഫില്‍ സൗകര്യമില്ലെങ്കില്‍ കേന്ദ്രം അതേര്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പ്രായോഗികമല്ല. വന്ദേഭാരത് മിഷനിലൂടെ കുറച്ച്‌ വിമാനങ്ങള്‍ മാത്രമെ എത്തുന്നുള്ളൂ. അതിനാല്‍ മെഡിക്കല്‍ ടീമിനെ അയച്ച്‌ പരിശോധന നടത്തുന്നത് നടപ്പാക്കാനാവില്ല. വന്ദേഭാരത് മിഷനിലൂടെ എത്തുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അവരുടെ യാത്ര മുടക്കാൻ ഉപകരിക്കൂ. പ്രവാസികള്‍ക്ക് ധനസഹായം ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Post Your Comments

Back to top button