

കൂട്ടിയ ബസ് നിരക്ക് പുനസ്ഥാപിക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സര്‍വ്വീസ് നഷ്ടത്തിലാണന്ന ബസുടമകളുടെ വാദം അടിസ്ഥാന രഹിതമാണന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിന്റെ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സാമൂഹീക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റില്‍ സര്‍വീസിന് അനുമതി നല്‍കിയപ്പോഴാണ് 50 ശതമാനം നിരക്ക് വര്‍ധന അനുവദിച്ചത്. ഇളവുകള്‍ അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ ഇല്ലാതായെന്നും മുഴുവന്‍ സീറ്റിലും യാത്രനുമതി നല്‍കിയെന്നുമാണ് അപ്പീലിൽ പറഞ്ഞിട്ടുള്ളത്. സര്‍വ്വീസ് നഷ്ടത്തിലാണന്ന വാദത്തില്‍ കഴമ്പില്ല.കെ.എസ് ആര്‍ ടി സി യും പഴയ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ക്ക് ജൂണ്‍ വരെ നികുതിയിളവ് അനുവദിച്ചു. ബസുടമകളുടെ നിവേദനം നിരക്ക് പരിഷ്‌ക്കരണ കമ്മിഷന് കൈമാറിയിട്ടുണ്ടന്നും കമ്മീഷന്‍ ഹിയറിംഗ് ആരംഭിച്ചതായും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി. നിരക്ക് വര്‍ധന പിന്‍വലിച്ച ഉത്തരവിനെതിരെ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പയ്യപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് കൂട്ടിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയിരുന്നത്.
Post Your Comments