
മരടിൽ തീരദേശ നിയമങ്ങൾ ലംഘിച്ചു നിർമ്മിച്ച ഫ്‌ളാറ്റുകളുടെ കാര്യത്തിൽ വിവാദം ഉണ്ടായപ്പോൾ മുതൽ തുടങ്ങിയതാണ് ഉപദേശികളുടെ പൊള്ളത്തരം. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഉപദേശിയുടെ വാക്ക് കേട്ട്, അതാണ് ശരിയെന്നു കരുതി എടുത്തുചാടിയപ്പോഴൊക്കെ പിണറായി എന്ന കമ്മ്യൂണിസ്റ് കരുത്തന് കേരളത്തിൽ അടികിട്ടി. സത്യത്തിൽ മുഖ്യനെയും സർക്കാരിനെയും ഇത്തരം പൊട്ടക്കുഴികളിലും, തെറ്റായ തീരുമാനങ്ങളിലേക്കും കൊണ്ട് ചെന്നെത്തിക്കുന്നതും, എത്തിച്ചു കൊണ്ടിരിക്കുന്നതും എട്ടുംപൊട്ടും തിരിയാത്ത ഉപദേശക കൂട്ടം തന്നെ.ഉപദേശികളെ കൂട്ടത്തോടെ കൂട്ടിയതിൽ പിന്നെ ആരംഭിച്ച ശനിദിശ സർക്കാരിനെ മാറാതെ പിടിമുറുക്കിയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രവാസി വിഷയവും.
കേരളം കണ്ട ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്നതിൽ പിണറായി വിജയൻ, ജീവിതത്തിൽ ഒഴുക്കിയ വിയർപ്പും, ചോരയും വേദനയും അറിയുന്നവരാണ് ബഹുഭൂരിപക്ഷം വരുന്ന കേരള ജനത. പിണറായിവിജയന് കേരള മണ്ണിനെ അറിയുന്നപോലെ തന്നെ കേരള ജനതക്ക്പി ണറായിയേയും അറിയാം. ഇക്കാര്യത്തിൽ സി പി എമ്മിന്റെ തീരുമാനങ്ങളെക്കാളും വലുതായി തന്നെയാണ് പിണറായിയുടെ തീരുമാനങ്ങളെ ജനം കാണുന്നത്. അത് കൊണ്ട് തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങളും, ഉപദേശക കൂട്ടം എടുപ്പിക്കുന്ന തീരുമാനങ്ങളും ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നത്. സ്പിന്ക്ലെർ ഇടപാട്, വൈദ്യുത ബില്ല് ഉൾപ്പടെ ഉപദേശികളും, സംസ്ഥാന വൈദ്യുതിവകുപ്പും, ഗതാഗത വകുപ്പും, എക്‌സ്‌സൈസ് വകുപ്പും എടുത്ത പല തീരുമാനങ്ങൾ അക്ഷരാർത്ഥത്തിൽ ജനകീയ പ്രതിഷേധങ്ങളുടെ മുന്നിൽ സർക്കാരിനെ മുട്ടുകുത്തിക്കുകയായിരുന്നു. എന്തിനീ ഉപദേശികൾ, എന്തിനാണിവർക്ക് സർക്കാർ ഖജനാവിൽ നിന്നുള്ള ജനങ്ങളുടെ നികുതി പണം എടുത്ത് ശമ്പളം കൊടുക്കുന്നത്. സർക്കാരിനെതിരെ ജനരോക്ഷം ആളിക്കത്തിക്കലാണോ അവർക്ക് കൊടുത്തിരിക്കുന്ന ജോലി എന്നതൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.
പ്രവാസികളിൽ നിന്നും, പ്രതിപക്ഷത്ത് നിന്നും ഉയർന്ന് വന്ന വിമർശനങ്ങൾ തിരിച്ചടിയുണ്ടാക്കുമെന്നു മുഖ്യൻ സ്വയം വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോവിഡ് സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിൽ സർക്കാർ ഇപ്പോൾ പിന്നോട്ട് പോയത്. പ്രതിപക്ഷം പ്രത്യക്ഷ സമരം ആരംഭിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം തിരിച്ചടിയുണ്ടാകുമെന്നു പിണറായി വിജയന് മാത്രം അറിയാം. അടുത്ത നാല് ദിവസത്തിനുള്ളിൽ പരിശോധന കിറ്റ് വിദേശത്ത് എത്തിക്കാൻ കഴിഞ്ഞാൽ നിലവിലെ വിവാദങ്ങൾ തീരുമെന്നാണ് ഇപ്പോൾ സർക്കാർ കണക്ക് കൂട്ടുന്നത്..
തിരികെയെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ പറഞ്ഞപ്പോൾ, കേന്ദ്രത്തിൽ നിന്ന് ഇക്കാര്യത്തിൽ ഒരു മറുപടിയും കിട്ടാതിരുന്നപ്പോൾ തന്നെ ചിന്തിക്കേണ്ടതായിരുന്നു. മറ്റു മിക്ക രാജ്യങ്ങളിലും, പ്രായോഗിക മല്ലാത്ത ട്രൂനറ്റ് കിറ്റ് കൊണ്ടുവരുന്നതും ഉപദേശികൾ തന്നെയാണ്. ട്രൂനറ്റ് കിറ്റ് കൾ വിദേശത്ത് നിന്ന് എത്തിച്ച് പരിശോധന നടത്തി പ്രവാസികളെ നാട്ടിലെത്തിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന കാര്യം മറന്നു കൊണ്ടായിരുന്നു തീരുമാങ്ങൾ ഒക്കെ എടുത്തത്. വിമാനങ്ങൾ പുറപ്പെടുമ്പോൾ എങ്ങനെ പരിശോധന ഒരുക്കും എന്ന ചോദ്യം വന്നതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായപ്പോഴാണ് ഈ മാസം 25-വരെ പ്രവാസികൾക്ക് വരാം എന്ന് പറഞ്ഞത്. ഇത് പിണറായി വിജയൻ എന്ന മുഖ്യ മന്ത്രിയുടെ തീരുമാനമാണ്. സി പി എമ്മിന്റെയോ,
ഉപദേശികളുടേതോ അല്ല. മരടിൽ ഫ്‌ളാറ്റ് വിഷയം പോലെ ഇളുത്തി വലിച്ചു നീട്ടി കുട്ടിച്ചോറാക്കി സർക്കാരിനെ നാറ്റുന്നത് വരെ പിണറായി വഴങ്ങി കൊടുത്തില്ല എന്നതാണ് സത്യം.
പ്രവാസികളുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രതിഷേധവും, പ്രതിപക്ഷം സമരമുഖം തുറന്നതും തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവും പിണറായിയിലുണ്ടായി. ഇതോടെയാണ് സർട്ടിഫിക്കറ്റ് നിബന്ധന 24 വരെ നീട്ടിയത്. നാല് ദിവസം സമയമുള്ളതിനാൽ അതിനുള്ളിൽ വിദേശ രാജ്യങ്ങളിൽ പരിശോധന സംവിധാനം ഒരുക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. അത് എത്ര കണ്ടു വിജയം കാണുമെന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. കാരണം അതും ഉപദേശിയുടെ തീരുമാനമാണ്.
വള്ളിക്കീഴൻ
Post Your Comments