

കൊവിഡ് വിതക്കുന്ന ഭയാശങ്കകൾക്കിടെ മഴക്കാലമായതോടെ പകര്‍ച്ചപ്പനികള്‍ കേരളത്തിൽ വ്യാപകമാവുകയാണ്. മഴക്കാലത്തെ പതിവ് സന്ദർശകരായ സാധാ മഴക്കാല പനികളും ഒപ്പം രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിന്റെയും, പകർച്ചവ്യാധി പനികളുടെയും ലക്ഷണങ്ങൾ എല്ലാം ഒരു പോലെ ആയതിനാൽ കുടുംബാംഗങ്ങളിൽ ഒരാൾക്കൊരു പനിവന്നാൽ പോലും ജനം ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. ഇക്കൂട്ടത്തിൽ കൂടുതല്‍ ഭീതി സൃഷ്ടിക്കുന്നത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 589 ഡെങ്കിപ്പനിയും 91 എലിപ്പനി കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പനിയുമായി ആശുപത്രിയിലെത്തുന്നവരിൽ കൊവിഡ് പരിശോധന ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടിയിരിക്കുകയാണ്.
കൊവിഡിന്റെ പ്രാരംഭലക്ഷണം പനിയും തൊണ്ടവേദനയുമാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും പുറത്തിറക്കിയ രോഗലക്ഷണങ്ങളുടെ പട്ടികയിലുള്ളവ കണക്കിലെടുത്താണ് നിരീക്ഷണ നടപടികള്‍ ഡോക്ടർമാർ എടുത്തു വരുന്നത്. അതേസമയം,
ഡെങ്കിപ്പനിയ്ക്ക് പനിയ്ക്കു പുറമെയുള്ള മറ്റു ചില ലക്ഷണങ്ങൾ കൂടി ഉണ്ട്. പനിയോടൊപ്പം ഉണ്ടാവുന്ന കടുത്ത പേശിവേദനയാണ് ഡെങ്കിയുടെ മുഖ്യ ലക്ഷണം. താങ്ങാനാവാത്ത പേശിവേദന ഉള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് അറിയപ്പെടുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകാറാറില്ല. എലിപ്പനി ബാധിക്കുന്ന ആളുടെ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുട, പേശി വേദന എന്നിവ ഉണ്ടാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയും, പനിയോടൊപ്പം ഉണ്ടാകുന്ന വിറയലും ഉണ്ടാകും. ശക്തമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനും വേദന എന്നിവയും രോഗ ലക്ഷണങ്ങളാണ്. ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാകുന്നതും, മൂത്രം മഞ്ഞ നിറത്തില്‍ പോകുക എന്നിവ മഞ്ഞപ്പിത്ത ലക്ഷണങ്ങളാണ്. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നുണ്ടെങ്കില്‍ എലിപ്പനി ആണോയെന്ന് തീർത്തും സംശയിക്കാവുന്നതാണ്.
പനിയുടെ ലക്ഷണം കാണുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ മാത്രമേ സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന നടത്താന്‍ കഴിയൂ. എപ്പിഡമോളജിക്കല്‍ ലിങ്കില്ലാതെ എല്ലാ രോഗികളെയും സംശയിക്കേണ്ട സാഹചര്യം നിലവില്‍ കേരളത്തിൽ ഇല്ല എന്നതാണ് മുഖ്യമായ കാര്യം. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ഇക്കാര്യത്തിൽ ആരോഗ്യവിദഗ്ധര്‍ എടുത്ത് പറയുന്നു.
Post Your Comments