മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ ഒൻപതാമൻ
NewsNationalBusiness

മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ ഒൻപതാമൻ

ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച്‌ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 6,450 കോടി ഡോളറിന്റെ (4.91 ലക്ഷം കോടി രൂപ) ആസ്‌തിയുമായി ഒൻപതാം സ്ഥാനത്തേക്കാണ് 63കാരനായ അംബാനി കുതിച്ചെത്തിയിരിക്കുന്നത്. ഗൂഗിള്‍ സ്ഥാപകരായ ലാറീ പേജ് (10), സെര്‍ജീ ബ്രിന്‍ (11) എന്നിവരാണ് മുകേഷിന് തൊട്ടുപിന്നില്‍ യഥാക്രമം ഉള്ളത്.

ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എലീസണ്‍, ഫ്രഞ്ച് പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡ് ലോറിയലിന്റെ മേധാവിയും ലോകത്തെ ഏറ്റവും സമ്പന്ന വനിതയുമായ ഫ്രാങ്കോ ബേറ്റെന്‍കോര്‍ട്ട് മേയേഴ്‌സ് എന്നീ പ്രമുഖരെയും മുകേഷ് അംബാനി പിന്തള്ളി. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ 3,680 കോടി ഡോളര്‍ (2.80 ലക്ഷം കോടി രൂപ) ആസ്‌തിയുമായി 21-ാം സ്ഥാനത്തായിരുന്നു മുകേഷ്. ഏഷ്യയിലെ ഏറ്റവും സമ്പന്നനും മുകേഷാണ്. ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മാ, വാള്‍മാര്‍ട്ട് കുടുംബം, മെക്‌സിക്കന്‍ ശതകോടീശ്വരന്‍ കാര്‍ലോസ് സ്ളിം എന്നിവരെയും അദ്ദേഹം പിന്നിലാക്കിയിരിക്കുകയാണ്.
റിലയന്‍സ് ജിയോയിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിനിടെ എത്തിയ വന്‍ നിക്ഷേപങ്ങളാണ് മുകേഷിന്റെ ആസ്‌തി വര്‍ദ്ധിക്കാന്‍ വഴിയൊരുക്കിയത്. റിലയന്‍സിന്റെ മൊത്തം മൂല്യം 11 ലക്ഷം കോടി രൂപയും കടന്നു. റിലയന്‍സിനെ കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കി മാറ്റാനും ഈ നിക്ഷേപങ്ങളിലൂടെ മുകേഷ് അംബാനി കഴിഞ്ഞു. 1980കളുടെ തുടക്കത്തിലാണ്, അച്‌ഛന്‍ ധീരുഭായ് അംബാനിയുടെ നിര്‍‌ദേശപ്രകാരം മുകേഷ് റിലയന്‍സില്‍ എത്തുന്നത്. നിലവില്‍, റിലയന്‍സ് ഇന്‍ഡസ്‌ട്രീസില്‍ 42% ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനും കുടുംബത്തിനും ഉള്ളത്.

Related Articles

Post Your Comments

Back to top button